‘ഇൻഡ്യ’ എം.പിമാർ നാളെ മണിപ്പൂരിൽ: കേരളത്തിൽ നിന്ന് 4 പേർ
text_fieldsന്യൂഡൽഹി: വംശീയകലാപം രൂക്ഷമായ മണിപ്പൂരിൽ സാന്ത്വന സന്ദേശവുമായി പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ. മുന്നണിയിലെ 16 പാർട്ടികളുടെ നേതാക്കൾ ശനി, ഞായർ ദിവസങ്ങളിൽ മണിപ്പൂർ സന്ദർശിക്കും. ഇതിൽ കേരളത്തിൽ നിന്നുള്ള സി.പി.എം, മുസ്‍ലിം ലീഗ്, സി.പി.ഐ, ആർ.എസ്.പി എം.പിമാരുമുണ്ട്.
മൂന്നു മാസമായിട്ടും കലാപം തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കാനും തീ തിന്നു കഴിയുന്ന ജനതയെ സാന്ത്വനിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ സംഘത്തിന്‍റെ യാത്ര.
അധിർ രഞ്ജൻ ചൗധരി -കോൺഗ്രസ്, ലാലൻ സിങ് -ജനതാദൾ (യു), സുസ്മിത ദേവ് -തൃണമൂൽ കോൺഗ്രസ്, കനിമൊഴി -ഡി.എം.കെ, എ.എ. റഹിം -സി.പി.എം, ഇ.ടി. മുഹമ്മദ് ബഷീർ -മുസ്‍ലിം ലീഗ്, മനോജ് ഝാ -ആർ.ജെ.ഡി, ജാവേദ് അലിഖാൻ -സമാജ്വാദി പാർട്ടി, പി. സന്തോഷ് കുമാർ -സി.പി.ഐ, മഹുവ മാജി -ജെ.എം.എം, മുഹമ്മദ് ഫൈസൽ -എൻ.സി.പി, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, സുശീൽ ഗുപ്ത -ആം ആദ്മി പാർട്ടി, അരവിന്ദ് സാവന്ത് -ശിവസേന, തിരുമാവളവൻ -വി.സി.കെ, ജയന്ത് ചൗധരി -ആർ.എൽ.ഡി എന്നിവരാണ് സംഘത്തിൽ. ഗൗരവ് ഗൊഗോയ്, ഫുലോദേവി നേതം -കോൺഗ്രസ്, ഡി. രവികുമാർ-ഡി.എം.കെ, അനിൽ ഹെഗ്ഡെ -ജെ.ഡി.യു എന്നിവർ ഇവരെ അനുഗമിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്ന് പുറപ്പെടുന്ന പ്രതിപക്ഷ സംഘം കലാപ ബാധിതമേഖലകൾ സന്ദർശിച്ച് ഞായറാഴ്ച മടങ്ങും. മണിപ്പൂർ കലാപത്തെക്കുറിച്ച് സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
അതിനിടെ, ഇൻഡ്യ മുന്നണി നൽകിയ അവിശ്വാസപ്രമേയത്തിന് ലോക്സഭയിൽ അവതരണാനുമതി നൽകിയെങ്കിലും എന്ന് ചർച്ചക്കെടുക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രമേയം ചർച്ചക്കെടുത്തശേഷം മാത്രം മറ്റു നടപടികളിലേക്ക് കടക്കണമെന്ന ആവശ്യം സ്പീക്കർ ഓം ബിർല അംഗീകരിച്ചില്ല. എല്ലാവരുമായി കൂടിയാലോചിച്ച് പിന്നീട് അറിയിക്കാമെന്ന് സഭയിൽ ആവർത്തിക്കുകയാണ് സ്പീക്കർ ചെയ്തത്.
സർക്കാറാകട്ടെ, ഇരു സഭകളിലും നടുത്തള പ്രതിഷേധം തുടരുന്നതു വകവെക്കാതെ നിരവധി ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുകയാണ്. മണിപ്പൂർ വിഷയത്തിലും ആപ് എം.പി സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് ഗാന്ധി പ്രതിമക്കു മുന്നിൽ നടത്തി വരുന്ന രാപകൽ സമരരീതി മാറ്റാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭ്യർഥിച്ചു. പാർലമെന്റ് സമ്മേളിക്കുന്ന സമയത്തുമാത്രം ധർണ മതിയെന്ന് അദ്ദേഹം സഞ്ജയ്സിങ്ങിനോട് പറഞ്ഞു. അടുത്ത ദിവസം മുതൽ ഇത് നടപ്പാക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ അവഹേളിക്കുകയാണെന്നും ഇതിലും വലിയ ഇരുണ്ടകാലം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായ ഖാർഗെയുടെ മൈക്ക് ഓഫ് ചെയ്തത്, സഞ്ജയ് സിങ്ങിന്റെ സസ്പെൻഷൻ എന്നീ വിഷയങ്ങൾ മുൻനിർത്തി വ്യാഴാഴ്ചയും രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

