ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തം; 27 മരണം. 12 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിൽ നിന്ന് 50 ഓളം പേരെ രക്ഷപ്പെടുത്തിയതായും മരണസംഖ്യ കൂടുമെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തി. 30 ലധികം ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടാണ് തീ നിയന്ത്രിച്ചത്.
ഡൽഹി മെട്രോയുടെ 544ാം നമ്പർ തൂണിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കമ്പനികൾക്ക് ഓഫിസ് സ്ഥാപിക്കാൻ വാടകയ്ക്കു നൽകിയിരുന്ന കെട്ടിടത്തിലാണ് അപകടം. തീ അണച്ചതായി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ രാത്രി 10.50 ഓടെ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.