യു.പിയിൽ രണ്ടു യുവാക്കൾ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ; പൊലീസ് മർദിച്ചതായി ബന്ധുക്കൾ
text_fieldsആഗ്ര: യു.പിയിലെ ആഗ്രയിൽ ബന്ധുക്കളായ രണ്ടു യുവാക്കളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22ഉം 24ഉം വയസ്സുള്ള സഞ്ജയ്, പ്രമോദ് എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. എന്നാൽ, യുവാക്കളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പിൽ പൊലീസിന്റെ പീഡനം സംബന്ധിച്ച് സൂചനയുണ്ട്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുവായ പ്രമോദിന്റെ പരാതിയിൽ ഹാത്രസ് ജില്ലയിലെ സദാദാബാദ് പൊലീസ് കഴിഞ്ഞ 22ന് സഞ്ജയ്നെ കസ്റ്റഡിയിലെടുത്തിരുന്നു. അതേദിവസം തന്നെ സഞ്ജയിന്റെ മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. രണ്ടു ദിവസം കഴിഞ്ഞ് അതേ പ്രദേശത്തുതന്നെ സഞ്ജയിന്റെ ബന്ധുവായ പ്രമോദിന്റെ മൃതദേഹവും മരത്തിൽ കണ്ടെത്തി.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഞ്ജയ്നെ നിരവധി തവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മെയിലാണ് കുട്ടിയെ കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, ഒരു മോഷണക്കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെ സഞ്ജയ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
എന്നാൽ, സഞ്ജയിയെയും പ്രമോദിനെയും പൊലീസ് മർദിച്ചതിനുശേഷം പറഞ്ഞയച്ചുവെന്നും വെറുതേ വിടണമെങ്കിൽ ഇരുവരും ഒരു ലക്ഷം നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു. അത്രയും തുക കണ്ടെത്താനാവാതെ വന്നതിനാൽ സദാദാബാദ് പൊലീസിനെ ഭയന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും സംഭവത്തിൽ രണ്ട് ഇൻസ്പെക്ടർമാരെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്പെന്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

