ആയുധവുമായി ബാങ്ക് കൊള്ളയടിക്കാനെത്തിയവരെ തുരത്തി രണ്ട് വനിതാ കോൺസ്റ്റബിൾമാർ - വിഡിയോ
text_fieldsപാട്ന: ബാങ്ക് കൊള്ളയടിക്കാൻ ആയുധങ്ങളുമായി എത്തിയ മൂന്ന് കൊള്ളക്കാരെ തുരത്തിയ രണ്ട് വനിതാ പൊലീസ് ഓഫീസർമാരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരങ്ങളായിരിക്കുന്നത്. ബിഹാറിലെ ഹാജിപുരിലാണ് സംഭവം. ജുഹി കുമാരിയും ശാന്തി കുമാറുമാണ് താരങ്ങൾ.
ജുഹിയും ശാന്തിയും ഉത്തര ബിഹാറിലെ സെന്തൗരി ചൗക്കിലുള്ള ഗ്രാമീൺ ബാങ്കിനു കാവലിരിക്കുകയായിരുന്നു. ഈ സമയം മൂന്നു പേർ ബാങ്കിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചു. കാവലിരിക്കുന്നവർ ഇവരോട് രേഖകൾ ആവശ്യപ്പെട്ടപ്പേകൾ അതിലൊരാൾ ഉടൻ പിസ്റ്റൾ എടുത്തു ചൂണ്ടുകയായിരുന്നു. ഉടൻ തന്നെ ജൂഹിയും ശാന്തിയും മൂന്നുപേരെയും പ്രതിരോധിച്ചു.
അവർ ബാങ്കിൽ ജോലി ചെയ്യുന്നവരാണോ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു ഉത്തരം. പാസ്ബുക്ക് ചോദിച്ചപ്പോൾ അവരിലൊരാൾ തോക്കെടുത്ത് ചൂണ്ടി -ജുഹി പറഞ്ഞു.
തോക്ക് പിടിച്ചു വാങ്ങാനും ഇവരെ തടയാനും ജുഹിയും ശാന്തിയും ശ്രമിച്ചു. പ്രതികൾ ജുഹിയുടെയും ശാന്തിയുടെയും കൈയിലുള്ള തോക്കുകൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. എന്നാൽ തോക്ക് വിട്ടുകൊടുക്കാതിരിക്കുകയും ജുഹി പ്രതികൾക്കെതിരെ തോക്കു ചൂണ്ടുകയും ചെയ്തതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടെ ജുഹിക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ‘സെന്തൗരിയിൽ രാവിലെ 11ഓടെയാണ് മൂന്ന് ആളുകൾ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചത്. വനിതാ കോൺസ്റ്റബിൾമാർ അസാധാരണ ധൈര്യം കാണിച്ചു. വെടിവെപ്പൊന്നും ഉണ്ടായില്ല. എന്നാൽ പ്രതികളെ ഭയപ്പെടുത്താൻ അവർക്കായി. ഇരുവർക്കും പാരിതോഷികം നൽകും’ -മുതിർന്ന പൊലീസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു.