വളർത്തു പന്നികൾ വിള നശിപ്പിച്ചതിന് സ്ത്രീകളുൾപ്പെടെ മൂന്നുപേരെ അടിച്ചു കൊന്നു
text_fieldsrepresentational image
റാഞ്ചി: വളർത്തു പന്നികൾ വിള നശിപ്പിച്ചെന്നാരോപിച്ച് ഝാർഖണ്ഡിൽ രണ്ടു സ്ത്രീകളുൾപ്പെടെ കുടുംബത്തിലെ മൂന്നുപേരെ അടിച്ചു കൊന്നു. ജനേശ്വർ ബെഡിയ (42), സരിത ദേവി (39), സഞ്ജു ദേവി (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ പത്തോളം വരുന്ന ആളുകളാണ് അക്രമം നടത്തിയത്. റാഞ്ചിയിൽനിന്ന് 25 കിലോമീറ്റർ അകലെ ഒർമാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജാൻജി ടോല ഗ്രാമത്തിലെ ഫാമിലാണ് സംഭവം.
കുടുംബം നടത്തുന്ന ഫാമിലെ പന്നികൾ ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ ബന്ധുക്കളുടെ വിള നശിപ്പിച്ചെന്നാരോപിച്ച് ഇരുകുടുംബങ്ങൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. വ്യാഴാഴ്ച രാവിലെ 11 ഓടെ വടികളും മറ്റു ആയുധങ്ങളുമായി പത്തോളം പേരെത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു -പൊലീസ് പറയുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. കൂടുതൽ സംഘർഷം ഒഴിവാക്കാൻ ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

