'ആർക്കാണ് ആദ്യം തന്തൂരി റൊട്ടി'; വിവാഹവീട്ടിൽ പൊരിഞ്ഞ തല്ല്, രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു
text_fieldsലഖ്നോ: വിവാഹവീട്ടിലെ പലതരം തല്ലുകളുടെ വാർത്തകൾ വന്നിട്ടുണ്ട്. പലയിടത്തും ഭക്ഷണവുമായി ബന്ധപ്പെട്ടാണ് തല്ലുകളുടെ തുടക്കം. ഇപ്പോഴിതാ, യു.പിയിലെ ഒരു കല്യാണ വീട്ടിൽ ഭക്ഷണവുമായി ബന്ധപ്പെട്ട തല്ലിനൊടുവിൽ രണ്ട് പേർക്ക് മരണം സംഭവിച്ചിരിക്കുകയാണ്.
യു.പിയിലെ അമേത്തിയിലാണ് സംഭവം. വിവാഹത്തിന് തന്തൂരി റൊട്ടി ആർക്കാണ് ആദ്യം കിട്ടുകയെന്നതിനെ ചൊല്ലിയാണ് 17ഉം 18ഉം വയസുള്ള യുവാക്കൾ തമ്മിൽ തല്ലിയത്. ആദ്യം വാക്കേറ്റത്തിലായിരുന്നു തുടക്കം. എന്നാൽ ഇത് കയ്യാങ്കളിയിലേക്ക് നീണ്ടു. പിന്നീട് വടിയെടുത്ത് പരസ്പരം അടിക്കുന്ന അവസ്ഥയായി.
അടിയേറ്റ് ഇരുവർക്കും സാരമായി പരിക്കേറ്റു. 17കാരൻ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ 18കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
രാംജീവൻ വർമ എന്നയാളുടെ മകളുടെ വിവാഹത്തിനിടയിലാണ് സംഭവമുണ്ടായത്. 'ഞങ്ങൾ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിനിടയിലായിരുന്നു. അതിനിടയിലാണ് രണ്ടുപേർ തമ്മിൽതല്ലിയ വിവരം അറിയുന്നത്. സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും സാരമായി പരിക്കേറ്റ നിലയിലായിരുന്നു. ഒരു റൊട്ടിയെ ചൊല്ലിയാണ് ഇതെല്ലാം സംഭവിച്ചത്' -രാംജീവൻ വർമ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

