ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഒരാൾ പിടിയിലായി. പൂഞ്ചിലെ ദുർഗാൻ പോഷാന പ്രദേശത്ത് പൊലീസും സൈന്യവും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
മൂന്നു ദിവസം മുമ്പ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ഭീകരർ തെക്കൻ കശ്മീരിലെ ഷോപിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. സാജിദ്, ബിലാൽ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.
മഞ്ഞു വീഴ്ചയുള്ള പ്രദേശത്തകപ്പെട്ട ഭീകരരോട് കീഴടങ്ങാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും തയാറാകാതെ അവർ വെടിെവക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിൽ രണ്ടുപേർ മരിക്കുകയും ഒരാൾ പിടിയിലാകുകയും ചെയ്തതായി പൊലീസ് പറഞ്ഞു.