സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
text_fieldsപശ്ചിമ ബംഗാളിലെ മിഡ്നാപൂരിലുള്ള കോസി നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ ലോക്കൽ ട്രെയിൻ തട്ടി രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.
റെയിൽവേ പാലത്തിന്റെ ഈ ഭാഗത്തേക്ക് കയറാന്‍ സന്ദർശകർക്ക് വിലക്കുണ്ടെന്നും എന്നാൽ ഈ വിലക്ക് മറികടന്ന് നിരവധി പേർ ട്രെയിൻ ട്രാക്കിൽ കയറി സെൽഫിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മിഡ്നാപൂരിലെ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറായ ബിശ്വജിത് ബാല പറഞ്ഞു. ഈ ലൈനിലേക്ക് ട്രെയിന്‍ വന്നാൽ ഓടി മാറാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പിക്നിക്കിനായി സ്ഥലത്തെത്തിയ യുവാക്കൾ റെയിൽവേ ട്രാക്കിൽ നിന്ന് സെൽഫിയെടുക്കുന്ന സമയത്ത് മിഡ്നാപൂരിൽ നിന്ന് ഹൗറയിലേക്കുള്ള ലോക്കൽ ട്രെയിൻ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെയാണ് മരണപ്പെട്ടത്.

