120 യാത്രക്കാരുമായി ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; നിരവധി പേരെ കാണാനില്ല
text_fieldsഗുവാഹതി: അസമിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാബോട്ടുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ നിരവധി പേരെ കാണാതായി. രണ്ട് ബോട്ടുകളിലുമായി 120ലേറെ യാത്രക്കാർ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരിൽ നൂറോളം പേരെ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. അസമിലെ ജോർഹതിലാണ് സംഭവം.
ബോട്ടുകളിലൊന്ന് ജലഗതാഗത വകുപ്പിന്‍റെ യാത്രാബോട്ടാണ്. ബ്രഹ്മപുത്രയിലെ ദ്വീപായ മാജുലിയിൽ നിന്ന് നിമാതി ഘട്ടിലേക്ക് വരികയായിരുന്നു ഈ ബോട്ട്. എതിരെ വരികയായിരുന്ന ബോട്ടുമായാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്നുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മുങ്ങുന്ന ബോട്ടിൽ നിന്ന് യാത്രക്കാർ നദിയിലേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരു ബോട്ടിൽ ബൈക്കുകകളും കാറുകളും ഉണ്ടായിരുന്നതായാണ് വിവരം. ഇവയും യാത്രക്കാരുടെ ലഗേജുകളും നദിയിൽ ഒഴുകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

