രണ്ട് ബി.ജെ.പി നേതാക്കളും 100ലേറെ അനുയായികളും കോൺഗ്രസിൽ ചേർന്നു; ‘ഓപറേഷൻ ഡി.കെ’യിൽ പകച്ച് ബി.ജെ.പി
text_fieldsബെംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ പാർട്ടി മാറ്റം. കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപറേഷനി’ൽ രണ്ട് പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരുമാണ് ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.
നേതാക്കളായ എച്ച്.ഡി തിമ്മയ്യ, കെ.എസ് കിരൺകുമാർ എന്നിവർക്കൊപ്പം നൂറോളം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് ബി.ജെ.പി വിട്ടത്. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഇവർക്ക് കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചു.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ അനുയായിയാണ് എച്ച്.ഡി. തിമ്മയ്യ. 18 വർഷമായി പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചിട്ടും ചിക്കമംഗളൂരുവിൽ സ്ഥാനാർഥിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വിട്ടത്.
മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അനുയായിയാണ് കിരൺ കുമാർ. പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും യെദ്യൂരപ്പയ്ക്കും കിരൺ രാജിക്കത്ത് നൽകി. ലിംഗായത്ത് നേതാക്കളായ ഇരുവരും സമുദായത്തിൽ നല്ലസ്വാധീനമുള്ളവരാണ്. ഇവർ പാർട്ടി വിട്ടത് ബി.ജെ.പിക്ക് കനത്ത ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
കർണാടകയിൽ ഇനിയും നിരവധി ബി.ജെ.പി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ‘ഒന്നാം നിര, രണ്ടാം നിര നേതാക്കളാണ് വരാൻ തയ്യാറായി നിൽക്കുന്നത്. അവരുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അവർ കർണാടകയിൽ മാറ്റം ആഗ്രഹിക്കുന്നു. അഴിമതി നിറഞ്ഞ ഈ ഭരണത്തിനു പകരം നല്ല ഭരണമാണ് അവർ ലക്ഷ്യമിടുന്നത്. അവർ കർണാടകയുടെ പുരോഗതി കൊതിക്കുന്നു”- ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

