ബാഗേജിൽ സാറ്റലൈറ്റ് ഫോൺ; ശ്രീനഗർ വിമാനത്താവളത്തിൽ രണ്ട് യു.എസ് പൗരൻമാർ പിടിയിൽ
text_fieldsശ്രീനഗർ: ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്ന രണ്ട് യു.എസ് പൗരൻമാർ ശ്രീനഗർ വിമാനത്താവളത്തിൽ പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്യുകയും പിന്നീട് കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറുകയും ചെയ്തു.
മൊണ്ടാനയിൽനിന്നുള്ള ജെഫ്രി സ്കോട്ട് ആണ് അറസ്റ്റിലായവരിൽ ഒരാൾ. ഇയാളുടെ ലഗേജിൽനിന്ന് സാറ്റലൈറ്റ് ഫോൺ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ സർക്കാറിന്റെ മുൻകൂർ അനുമതി ഇല്ലാതെ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.
തുറയ, ഇറിഡിയം സാറ്റലൈറ്റ് ഫോണുകൾ കർശന നിയന്ത്രണത്തിന് കീഴിലാണ്. ഇവ അനധികൃതമായി കൈവശം വെക്കുന്നത് ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരം അറസ്റ്റ്, തടങ്കലിൽ വെക്കൽ, പിടിച്ചെടുക്കൽ തുടങ്ങിയവക്ക് കാരണമാകും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നേരത്തേയും സാറ്റലൈറ്റ് ഫോണുകൾ കൈവശം വെച്ചതിന് ഇന്ത്യൻ പൗരൻമാരും വിദേശപൗരൻമാരും നടപടി നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മേയിൽ യു.എസിൽനിന്നുള്ള ഒരു നേത്രരോഗവിദഗ്ദ്ധയുടെ കൈവശം ഇറിഡിയം സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയതിനെത്തുടർന്ന് പുതുച്ചേരി വിമാനത്താവളത്തിൽ അവരെ തടഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

