സൂറത്ത്-ബാങ്കോക്ക് വിമാനത്തിൽ യാത്രക്കാർ 1.8 ലക്ഷം രൂപയുടെ മദ്യം കുടിച്ചു തീർത്തു; വലഞ്ഞ് എയർ ഇന്ത്യ ജീവനക്കാർ
text_fieldsസൂറത്ത്: എയർ ഇന്ത്യ എക്സ്പ്രസിന്റെ സൂറത്ത്-ബാങ്കോക്ക് വിമാനത്തിലെ യാത്രക്കാർ മുഴുവൻ മദ്യവും കുടിച്ചു തീർത്തു. 1.8 ലക്ഷം രൂപ വില വരുന്ന 15 ലിറ്റർ മദ്യമാണ് യാത്രക്കിടെ യാത്രക്കാർ എല്ലാവരും ചേർന്ന് കുടിച്ച് തീർത്തത്. വിലകൂടിയ മദ്യം ഉൾപ്പടെയാണ് യാത്രക്കാർ ഇത്തരത്തിൽ കുടിച്ച് തീർത്തത്. ഇതോടെ ബാങ്ക്കോക്ക് എത്തുന്നതിന് മുമ്പ് തന്നെ മദ്യം തീർന്നുവെന്ന് വിമാന ജീവനക്കാർക്ക് അറിയിപ്പ് നൽകേണ്ടി വന്നു.
300ഓളം യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ബാങ്കോക്ക് യാത്രക്കിടെ മുഴുവൻ ലഘുഭക്ഷണവും യാത്രക്കാർ കഴിച്ചു തീർത്തു. ഗുജറാത്തി പലഹാരങ്ങളായ ഖാമാൻ, തെപ്‍ല എന്നിവക്കൊപ്പം പിസ ഉൾപ്പടെയുള്ളവയും യാത്രക്കാർക്ക് നൽകിയിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പ്രസ്താവനകളൊന്നും പുറത്ത് വന്നിട്ടില്ല.
വാർത്ത പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. വിമാനത്തിൽ 300 യാത്രക്കാർ ഉണ്ടായിരിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് പുറത്ത് വന്ന പ്രതികരണങ്ങളിൽ ഒന്ന്. ഗുജറാത്ത് മദ്യനിരോധനത്തിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് മറ്റൊരു കമന്റ്.
മദ്യനിരോധനമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. 1960കളിൽ തന്നെ സർക്കാർ ഗുജറാത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. എങ്കിലും അനധികൃതമായി ആളുകൾ മദ്യം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ മദ്യംഉപയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

