മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കരാട്ടെ ക്ലാസിന് പോയ 18കാരി ബലാത്സംഗം ചെയ്യപ്പെട്ടു. സംഭവത്തിൽ സഹപാഠിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് അജയ് സഹാനി പറഞ്ഞു.
പ്രതിയും പെൺകുട്ടിയും പരിചയക്കാരാണ്. വെള്ളിയാഴ്ച ഇരുവരും ഒരുമിച്ചാണ് ക്ലാസിൽ പോയത്. രാത്രി ഏഴു മണിയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഒമ്പത് മണിയോടെ പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി അടുത്ത ദിവസം രാവിലെ ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിക്കുന്നത്. വിവരമറിഞ്ഞ ഉടനെ തങ്ങൾ ആശുപത്രിയിൽ എത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
''ഞങ്ങൾ പെൺകുട്ടിയുമായി സംസാരിച്ചു. കരാട്ടെ ക്ലാസിലെ സഹപാഠിയാണ് ബലാത്സംഗം ചെയ്തതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അവർ ഇരുവരും പരസ്പരം വളരെ നന്നായി അറിയുന്നവരാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.'' -അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വഷണം നടക്കുകയാണ്.