2021ൽ കശ്മീരിൽ 182 ഭീകരരെ വധിച്ചെന്ന് സൈന്യം
text_fieldsജമ്മു: ജമ്മു -കശ്മീരിൽ ഒരാണ്ടിനിടെ 182 ഭീകരരെ കൊലപ്പെടുത്തിയതായി സൈന്യം. ഇതിൽ 44 പേർ കൊടുംഭീകരരാണെന്ന് ഡി.ജി.പി ഡിൽബാഗ് സിങ് പറഞ്ഞു. 100 സൈനിക നടപടിയിലൂടെയാണ് ഇത്രയേറെ ഭീകരരെ വധിച്ചത്.
134 യുവാക്കൾ ഭീകരസംഘാംഗങ്ങളായി. ഇതിൽ 72 പേരെ വധിച്ചു. 22 പേർ അറസ്റ്റിലായെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം ഗണ്യമായി കുറഞ്ഞു. 34 ഭീകരർക്കു മാത്രമാണ് നുഴഞ്ഞുകയറാനായത്- ഡി.ജി.പി കൂട്ടിച്ചേർത്തു.
കഴിഞ്ഞ 36 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി ഒമ്പതു പേരാണ് കൊല്ലപ്പെട്ടത്. ശ്രീനഗർ നഗരപ്രാന്തത്തിലെ പാന്ത ചൗക്കിലായിരുന്നു ഏറ്റുമുട്ടൽ. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിനിടെ, ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷസേന പറഞ്ഞു. ഇതിൽ മൂന്നു പൊലീസുകാർക്കും രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്കും പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് മൂന്നു ഭീകരരെ വധിച്ചത്. ജയ്ശെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ ഐ.ജി വിജയകുമാർ ട്വീറ്റ് ചെയ്തു.
ഡിസംബർ 13ന് സെവാനിൽ പൊലീസിെൻറ ബസാക്രമിച്ച കേസിൽ ഉൾപ്പെട്ട സുഹൈൽ അഹമ്മദ് റാത്തറും കൊല്ലപ്പെട്ടവരിൽ പെടുന്നു. ഒരാൾ പാക് പൗരനാണ്. സെവാനിൽ പൊലീസിെൻറ ബസ് ആക്രമിച്ചതിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ബസ് ആക്രമണത്തിലെ പ്രതികളായ മുഴുവൻ ഭീകരരേയും കൊലപ്പെടുത്തിയെന്ന് സൈന്യം വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഭീകരരുടെ താവളത്തിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

