‘25 സെക്കൻഡിനിടെ 18 അടി’, മാഷെ ‘കണക്കി’ന് ശിക്ഷിച്ച് പ്രിൻസിപ്പൽ, വൈറലായി സ്റ്റാഫ് റൂമിലെ തല്ലുമാല
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ ഭറൂച്ചിൽ സ്കൂൾ പ്രിൻസിപ്പൽ ഗണിത അധ്യാപകനെ തല്ലുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അധ്യാപകനെ പ്രിൻസിപ്പൽ തുടർച്ചയായി തല്ലുന്നതാണ് ദൃശ്യത്തിലുള്ളത്. പ്രിൻസിപ്പൽ ഹിതേന്ദ്ര താക്കൂറാണ് തന്റെ സ്കൂളിലെ അധ്യാപകനായ രാജേന്ദ്ര പാർമറെ കണക്കിന് ശിക്ഷിച്ചത്. 25 സെക്കൻഡിനിടെ 18 തവണ തല്ലുന്ന വിഡിയോ വൈറലായി മാറിയതോടെ ജില്ല വിദ്യാഭ്യാസ ഓഫിസർ സ്വാതിബ റൗൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ നവ് യുഗ് സ്കൂളിലാണ് സംഭവം. സ്റ്റാഫ് റൂമിൽ മറ്റു അധ്യാപകർക്കൊപ്പം ഇരിക്കുകയായിരുന്ന പാർമറെ പ്രിൻസിപ്പൽ താക്കൂർ തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് വന്ന് തുടർച്ചയായി തല്ലുകയായിരുന്നു. പ്രിൻസിപ്പലിന്റെ റൂമിൽ സ്ഥാപിച്ച സി.സി.ടി.വി കാമറ ഇതിന്റെ ദൃശ്യങ്ങളെല്ലാം ഒപ്പിയെടുക്കുകയായിരുന്നു. ഫെബ്രുവരി ആറിന് വൈകീട്ടാണ് സംഭവം നടന്നതെന്നാണ് കാമറയിലെ ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്.
തുടക്കത്തിൽ ഇരുവരും കടുത്ത വാഗ്വാദത്തിലേർപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നാലെ, പ്രകോപിതനായ പ്രിൻസിപ്പൽ സീറ്റിൽനിന്ന് എഴുന്നേറ്റ് പാർമറെ പൊതിരെ തല്ലുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന മറ്റ് അധ്യാപകർ ഇടപെട്ട് പ്രിൻസിപ്പലിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അരിശം തീരും വരെ അധ്യാപകനെ തല്ലിയ താക്കൂർ പിന്നീട് ബെഞ്ചിലിരിക്കുകയായിരുന്ന ഇയാളെ കാലുപിടിച്ച് നിലത്തേക്ക് തള്ളിയിട്ടശേഷം മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
പാർമറുടെ അധ്യാപനരീതിയെ ചൊല്ലിയുള്ള പരാതികളാണ് തർക്കത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് പ്രിൻസിപ്പൽ ചോദിച്ചതിനുപിന്നാലെയാണ് അടി നടന്നത്. കുട്ടികളോട് അധ്യാപകൻ മോശമായി പെരുമാറുന്നതും അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നതും താക്കൂർ ചോദ്യം ചെയ്തു.
എന്നാൽ, പ്രിൻസിപ്പൽ കുട്ടികളെക്കൊണ്ട് തന്റെ കാൽ മസാജ് ചെയ്യിക്കുന്നതായി പാർമർ ആരോപിക്കുന്നു. കുട്ടികളെ പാർമർ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്നാണ് പ്രിൻസിപ്പൽ ഉയർത്തുന്ന ആരോപണങ്ങളിലൊന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

