ജാർഖണ്ഡിൽ കൻവാരിയ തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു; 18 മരണം
text_fieldsറാഞ്ചി: ജാർഖണ്ഡിൽ കൻവാരിയ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 18 പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ ദിയോഗർ ജില്ലയിൽ ജമുനിയ വനമേഖലയോട് ചേർന്നാണ് തീർത്ഥാടകർ സഞ്ചരിച്ച ബസും ട്രക്കും കുട്ടിയിടിച്ചത്. പാചകവാതക സിലണ്ടറുകളുമായി പോവുകയായിരുന്ന ട്രക്കുമായാണ് തീർത്ഥാടകരുടെ ബസ് കൂട്ടിയിടിച്ചത്. ബസ് യാത്രികരാണ് മരിച്ചവരെല്ലാം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായി ദിയോഗറിൽ നിന്നുള്ള പാർലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ നിഷികാന്ത് ദുബെ പറഞ്ഞു.
35ഓളം തീർത്ഥാടകരായിരുന്നു ബസിലുണ്ടായിരുന്നത്. കൻവാരിയ തീർത്ഥാടനത്തിന്റെ ഭാഗമായി ബാബ വൈദ്യനാഥ് ധാമിലേക്ക് പോവുകയായിരുന്നു സംഘം. കൂട്ടിയിടിയിൽ ബസ് പാടെ തകർന്നതായും, കൂട്ട നിലവിളിയും ഛിന്നഭിന്നമായ ശരീരഭാഗങ്ങളും രക്തമൊഴുകുന്ന റോഡുകളുമായി അപകട സ്ഥലത്ത് ഭീതിപ്പെടുത്തുന്ന രംഗങ്ങളായിരുന്നുവെന്ന് ദൃസാക്ഷികൾ വിവരിച്ചു. തകർന്ന ബസിനും ട്രക്കിനുമിടയിൽ കുടുങ്ങിയ തീർത്ഥാടകരെ ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.ആർ.എഫ്), പൊലീസും ഉൾപ്പെടെ രക്ഷാ സംഘങ്ങൾ ചേർന്നാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലും, ദിയോഗർ സർദാർ ആശുപത്രിയിലും എത്തിച്ചു. ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

