ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ലോകത്ത് കൊല്ലപ്പെട്ടത് 530 മാധ്യമപ്രവർത്തകർ. ഇവരിൽ 18 പേർ ഇന്ത്യയിലാണ്. വ്യാഴാഴ്ച മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ യുനെസ്കോ പുറത്തുവിട്ട റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 2012 മുതൽ 2016 വരെയുള്ള കണക്കാണിത്. കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം വർധിക്കുകയാണ്. 2007-2011 കാലത്ത് കൊല്ലപ്പെട്ടത് 316 മാധ്യമപ്രവർത്തകരാണ്.
ഇവരിൽ 166 പേർ ടി.വി ജേണലിസ്റ്റുകളാണ്. അച്ചടി മാധ്യമപ്രവർത്തകർ (142), റേഡിയോ (118), ഒാൺലൈൻ (75). ഏറ്റവുമധികം മാധ്യമപ്രവർത്തകർ വധിക്കപ്പെട്ടത് സിറിയയിലാണ്(86 പേർ). ഇറാഖ് (46), മെക്സികോ (37), സോമാലിയ (36), പാകിസ്താൻ (30), ബ്രസീൽ (29), ഫിലിപ്പൈൻസ്, യമൻ (21 വീതം), അഫ്ഗാനിസ്താൻ (20) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. 2012ലാണ് ഏറ്റവുമധികം മാധ്യമപ്രവർത്തകർ വധിക്കപ്പെട്ടത്(124 പേർ).