രാജ്യത്ത് കസ്റ്റഡി മരണങ്ങൾ വർധിക്കുന്നു; 74 ദിവസത്തിനിടെ 170 മരണം, പട്ടികയിൽ ബിഹാർ ഒന്നാമത്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. ഈ വർഷം ആദ്യ 74 ദിവസത്തിനുള്ളിൽ (മാർച്ച് 15 വരെ) രാജ്യത്തുടനീളം 170 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 140 ആയിരുന്നു. ചൊവ്വാഴ്ച ലോക്സഭയിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
സംസ്ഥാന പൊലീസും ദേശീയ മനുഷ്യാവകാശ കമ്മീഷനും (NHRC) നൽകിയ കണക്കുകൾ പ്രകാരം 19 മരണങ്ങളുമായി ബീഹാർ ആണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിൽ 18 മരണങ്ങളുമായി രാജസ്ഥാനും, 15 മരണങ്ങളുമായി ഉത്തർപ്രദേശും ഉണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 14 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 2021-22 കാലയളവിൽ 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് കുറഞ്ഞുവരികയും നിലവിൽ 14ൽ എത്തുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ മരണസംഖ്യയിൽ കുറവുണ്ടായ സംസ്ഥാനങ്ങളിൽ പോലും ഈ വർഷം ആദ്യ മാസങ്ങളിൽ തന്നെ കണക്കുകൾ കുത്തനെ ഉയർന്നു. രാജസ്ഥാനിൽ കഴിഞ്ഞ വർഷം 9 മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം മാർച്ച് പകുതിയോടെ തന്നെ അത് 18 ആയി ഉയർന്നു. കസ്റ്റഡി മരണങ്ങൾ തടയാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും അവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിലും ഇത് പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഉത്തർപ്രദേശിൽ ഓരോ വർഷവും കസ്റ്റഡി മരണങ്ങൾ കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021-22 കാലഘട്ടത്തിൽ എട്ടും 2022-23 കാലത്ത് 10, 2023-24ൽ 12, 2024-25ൽ 11, 2025-26 (മാർച്ച് 15 വരെ) 15മാണ് കസ്റ്റഡി മരണങ്ങൾ. രാജ്യവ്യാപകമായ കണക്കുകൾ പരിശോധിച്ചാൽ 2021-22ൽ 176 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് വന്ന വർഷങ്ങളിൽ ഇത് യഥാക്രമം 163 (2022-23), 157 (2023-24), 140 (2024-25) എന്നിങ്ങനെ കുറഞ്ഞു വരികയായിരുന്നു. എന്നാൽ ഈ വർഷം ആദ്യ 74 ദിവസത്തിനുള്ളിൽ തന്നെ മരണസംഖ്യ 170ൽ എത്തിയത് വലിയ ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുൻകാല റിപ്പോർട്ടുകൾ പ്രകാരം കസ്റ്റഡി മരണങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തത് പലപ്പോഴും മരണത്തിന് കാരണമാകുന്നു. കസ്റ്റഡിയിലിരിക്കെ ഉണ്ടാകുന്ന മാനസിക സമ്മർദം മൂലം തടവുകാർ ആത്മഹത്യ ചെയ്യുന്നത് വർധിക്കുന്നു. ചോദ്യം ചെയ്യലിനിടെയുള്ള ശാരീരിക പീഡനങ്ങളും ഒരു പ്രധാന കാരണമാണ്.
ഒരു കസ്റ്റഡി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പാലിക്കേണ്ട ചില നിബന്ധനകളുണ്ട്. മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ (NHRC) വിവരം അറിയിക്കണം. മജിസ്റ്റീരിയൽ അന്വേഷണം നിർബന്ധമാണ്. പോസ്റ്റ്മോർട്ടം നടപടികൾ വിഡിയോയിൽ പകർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

