കർണാടകയിൽ 17 മതപരിവർത്തന വിരുദ്ധ കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര
ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ ബി.ജെ.പി സർക്കാർ നടപ്പാക്കിയ കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമം 2022 പ്രകാരം 2023നും 2026നും ഇടയിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുവരെ ഒരു ശിക്ഷയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ബി.ജെ.പി എം.എൽ.സി.ഡി എസ് അരുണിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വരയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
ബി റിപ്പോർട്ടുകൾ വഴി മൂന്ന് കേസുകൾ അവസാനിപ്പിച്ചതായും മൂന്ന് കേസുകൾ പൊലീസ് അന്വേഷണത്തിലാണെന്നും ഏഴ് കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി പങ്കുവെച്ച ഡേറ്റ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ബി.ജെ.പി അധികാരത്തിലിരുന്ന 2023 ലാണ്. 17 കേസുകളിൽ 10 എണ്ണം 2023 ലും, 2024 ൽ മൂന്ന് കേസുകളും 2025 ൽ നാല് കേസുകളും റജിസ്റ്റർ ചെയ്തു. 2026 ൽ ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. 2023 മധ്യത്തിൽ അധികാരമേറ്റ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഈ നിയമം പിൻവലിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിൻവലിക്കുന്നതിനുള്ള നിയമനിർമ്മാണ നടപടികളൊന്നും ആരംഭിച്ചിട്ടില്ല.
കാത്തലിക് ബിഷപ് കൗൺസിലിന്റെ 37ാമത് ജനറൽ ബോഡി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു, മാർച്ച് നാലിന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബംഗളൂരുവിലെ ക്രിസ്ത്യൻ ഗ്രൂപ്പുകൾ പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. കഴിഞ്ഞ വർഷം ബംഗളൂരുവിൽ നടന്ന സെന്റ് മേരീസ് തിരുനാളിനിടെ, നിയമം പിൻവലിക്കണമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പരസ്യമായി ആവശ്യപ്പെട്ടു. ഈ വിഷയം യഥാസമയം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തതാണ്.
ബംഗളൂരുവിൽ ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്, 2023 ൽ നാല്, 2024 ൽ ഒന്ന്, 2025 ൽ രണ്ട്, ചിത്രദുർഗയിലും ഗദഗിലും രണ്ട് കേസുകൾ വീതം. മൈസൂരു, ഹാവേരി, കുടക്, ബെളഗാവി, കലബുറഗി, ശിവമോഗ്ഗ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടു. 2022 ഒക്ടോബർ 13 ന് ബംഗളൂരുവിലാണ് ഈ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 18 വയസ്സുള്ള ഒരു ഹിന്ദു സ്ത്രീയെ ബലമായി മതം മാറ്റി എന്നതിന് 22 വയസ്സുള്ള മുസ്ലിം യുവിവിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഈ കേസ് ഈ മാസം നാലിന് നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ലാത്തതിനാൽ ഒത്തുതീർപ്പിലെത്തിയെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്ന് മജിസ്ട്രേറ്റ് കോടതി യുവാവിനെ കുറ്റവിമുക്തനാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

