പഹൽഗാം ആക്രമണത്തിനു ശേഷം ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു
text_fieldsശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട കശ്മീരിലെയും ജമ്മുവിലെയും 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി തുറക്കുകയണെന്നും സിൻഹ പറഞ്ഞു. അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മാർക്കറ്റിന് സമീപമുള്ള ബേതാബ് വാലി, പാർക്കുകൾ, വെരിനാഗ്, കൊക്കർനാഗ്, അച്ചബൽ ഗാർഡനുകൾ എന്നിവ ആദ്യ ഘട്ടത്തിൽ തുറക്കും.
ഏപ്രിൽ 22ലെ ആക്രമണത്തെത്തുടർന്ന് കശ്മീരിലെ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടിയിരുന്നു. പഹൽഗാം, ഗുൽമാർഗ്, സോനാമാർഗ്, ദാൽ തടാകം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇതിനകം തുറന്നിരുന്നുവെന്നും ചില അസാധാരണ സ്ഥലങ്ങൾ മാത്രമേ താൽക്കാലികമായി അടച്ചിട്ടിട്ടുള്ളൂ എന്നും ഒരു ടൂറിസം ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, സിൻഹയുടെ പ്രഖ്യാപനം വെളിപ്പെടുത്തിയത് കശ്മീരിൽ മാത്രമല്ല ജമ്മു ഡിവിഷനിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നാണ്. ആക്രമണത്തിനുശേഷം പഹൽഗാമിലും ഗുൽമാർഗിലും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും ടൂറിസം ഉദ്യോഗസ്ഥരും പരാതിപ്പെട്ടിരുന്നു. ഇങ്ങനെ അടച്ചിടുമ്പോൾ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങൾ വെറുതെയാകുമെന്ന് വാദിച്ച ഉമർ കേന്ദ്രങ്ങൾ വീണ്ടും തുറക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

