ഗോവയിൽ തിരിച്ചെത്തിയ 154 കപ്പൽ ജീവനക്കാർ നിരീക്ഷണത്തിൽ
text_fieldsപനാജി: ഗോവയിൽ തിരിച്ചെത്തിയ 154 കപ്പൽ ജീവനക്കാെര ക്വാറൻറീനിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വിവിധ കപ്പലുകളിൽ ജോലി ചെയ്ത ശേഷം സംസ്ഥാനത്തെത്തിയ ഗോവക്കാരുടെ രണ്ടാമത്തെ ബാച്ചാണിത്. ക്രൂയിസ് കപ്പലിൽ ജോലി ചെയ്തിരുന്ന നൂറോളം ജീവനക്കാർ കഴിഞ്ഞ മാസം സംസ്ഥാനത്തേക്ക് മടങ്ങിയിരുന്നു.
മുംബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകളിൽ നിന്ന് 154 ഗോവ സ്വദേശികളെ റോഡ് മാർഗം സംസ്ഥാനത്തെത്തിച്ചു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഗോവക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കേന്ദ്ര വകുപ്പുകളുമായി ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
കപ്പൽ ജീവനക്കാരെ സർക്കാർ സജീകരിച്ച നിരീക്ഷണ കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുന്നത്. രോഗബാധിതരല്ലാത്തവരെ 14 ദിവസം ക്വാറൻറീനിൽ താമസിപ്പിക്കുമെന്നും സാവന്ത് അറിയിച്ചു.
ഒരു മാസത്തിലേറെയായി കോവിഡ് മുക്തമായ ഗോവയിൽ കഴിഞ്ഞ ദിവസം എട്ട് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരാൾ കപ്പൽ ജീവനക്കരനാണ്. മുംബൈയിൽ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയായക്കിയ കപ്പൽ ജീവനക്കാരന് വ്യാഴാഴ്ച ഗോവയിലെത്തിയ ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
