സുപ്രീംകോടതിയിൽ തീപ്പൊരി വാദങ്ങളുമായി മമത ബാനർജി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ്ടും അഭിഭാഷക കുപ്പായമണിഞ്ഞ ദിവസമായിരുന്നു ഇന്ന്. തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ പരിഷ്‍കരണത്തിനെതിരായ കേസിലാണ് മമത ബാനർജി ഇന്ന് കോടതിയിൽ ഹാജരായത്. മനപ്പൂർവം പട്ടികയിൽ നിന്നും ആളുകളെ ഒഴിവാക്കുന്നുവെന്ന് ആരോപിച്ചാണ് പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുമ്പാകെയാണ് മമത ബാനർജി വാദിക്കാനായി എത്തിയത്. ജോമാലയ ബാഗച്ചി, വിപുൽ എം.പഞ്ചോലി എന്നിവരും ബെഞ്ചിൽ അംഗങ്ങളായിരുന്നു. വാദമുഖങ്ങൾ ഉന്നയിക്കാൻ അഞ്ച് മിനിറ്റെങ്കിലും സമയം അനുവദിക്കണമെന്ന് മമത ബാനർജി അഭ്യർഥിച്ചപ്പോൾ ചീഫ് ജസ്റ്റിസ് 15 മിനിറ്റ് സമയം അനുവദിക്കുകയും ചെയ്തു.
മുതിർന്ന അഭിഭാഷകനും തൃണമൂൽ കോൺഗ്രസ് നേതാവുമായ ശ്യാം ദിവാനാണ് ജഡ്ജിമാർക്ക് നന്ദി പറഞ്ഞ് വാദിച്ച് തുടങ്ങിയത്. ഞങ്ങളുടെ അഭിഭാഷകർ ആദ്യം മുതൽ നീതിക്കായി പോരാടുകയാണ്. എന്നാൽ നമുക്ക് നീതികിട്ടുന്നില്ല. ഡോറുകൾക്ക് പിന്നിൽ നീതി ഒളിച്ചിരിക്കുകയാണെന്ന ടാഗോറിന്റെ വാചകങ്ങൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹം വാദം തുടങ്ങിയത്.
വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടുക മാത്രമാണ് എസ്.ഐ.ആറിലൂടെ ചെയ്യുന്നതെന്ന് ഒരാളുടെ പേരു പോലും കൂട്ടിച്ചേർക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആറ് കത്തുകളാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഖ്യാനേഷ് കുമാറിന് താനയച്ചത്. ഒരെണ്ണത്തിന് പോലും മറുപടി ലഭിച്ചില്ല. സാധാരണ തൊഴിലാളിയാണ് ഞാൻ. തനിക്ക് ഒരു പ്രാധാന്യവുമില്ല. സാധാരണ കുടുംബത്തിൽ നിന്നാണ് തന്റെ വരവെന്നും ബെഞ്ചിന് മുമ്പാകെ വാദിച്ചു.
ഫോട്ടോഗ്രാഫ് ഉൾപ്പടെയുള്ള തെളിവുകൾ നിരത്തിയായിരുന്നു മമതയുടെ വാദം. വിവാഹം കഴിഞ്ഞവരെ കുടുംബപേര് മാറിയതിനെ തുടർന്ന് വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കി. വിവാഹം കഴിഞ്ഞതിനെ തുടർന്ന് നമ്മുടെ പെൺമക്കൾ പേരിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ അവരെ വോട്ടർപട്ടികയിൽ നിന്നും നീക്കുകയാണ്.
മൂന്ന് വർഷം കൊണ്ട് നടക്കേണ്ട എസ്.ഐ.ആർ പ്രക്രിയ മൂന്ന് മാസം കൊണ്ടാണ് ബംഗാളിൽ പൂർത്തിയാക്കിയത്. എസ്.ഐ.ആറിനിടെ 100 പേരാണ് മരിച്ചത്. നിരവധി ബി.എൽ.ഒമാർ ആത്മഹത്യ ചെയ്തു. എന്തുകൊണ്ട് അസമിൽ ഇത് നടക്കുന്നില്ല. ബംഗാളിനെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.
52 ലക്ഷം പേരയൊണ് ഇതുവരെ ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കമീഷൻ ഒരു വാട്സാപ്പ് കമീഷനായി മാറിയെന്നും മമത പറഞ്ഞു. മമതയുടെ വാദമുഖങ്ങൾ പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയച്ചു. കോടതി നടപടികൾ പൂർത്തിയായതിന് പിന്നാലെ മമതയുടെ വിജയമാണ് കോടതിയിൽ ഇന്നുണ്ടായതെന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

