Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിസാ പ്രതിസന്ധി; ഒടുവിൽ 150 പാകിസ്താനി വധുക്കൾ ഇന്ത്യയിലെത്തി

text_fields
bookmark_border
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വിസാ പ്രതിസന്ധി; ഒടുവിൽ 150 പാകിസ്താനി വധുക്കൾ ഇന്ത്യയിലെത്തി
cancel

നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യ–പാകിസ്താൻ അതിർത്തിയിലുണ്ടായ യാത്രാ നിയന്ത്രണങ്ങൾക്കിടെ വിവാഹത്തിനായി കാത്തിരുന്ന 150 പാകിസ്താനി വധുക്കൾ ഒടുവിൽ ഇന്ത്യയിലെത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഇവർ ഇന്ത്യക്കാരായ യുവാക്കളുമായി വിവാഹനിശ്ചയം കഴിഞ്ഞവരാണ്.

വർഷങ്ങളായി സിന്ധി കുടുംബങ്ങൾ പഞ്ചാബിലെ വാഗാ–അട്ടാരി അതിർത്തി വഴി എളുപ്പത്തിൽ ഇന്ത്യയിലെത്തി വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുകയും വിവാഹശേഷം ഇന്ത്യയിൽ താമസമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം അട്ടാരി വഴിയുള്ള യാത്രക്കും വിസ അനുവദിക്കുന്നതിനും ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നിരവധി വിവാഹങ്ങൾ അനിശ്ചിതത്വത്തിലായി.

ഇന്ത്യക്കാരായ യുവാക്കളുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഏതാണ്ട് 150 പാകിസ്താനി സ്ത്രീകളുടെ വിവാഹമാണ് ഇതോടെ നീണ്ടുപോയത്. നാഗ്പൂർ, റായ്പൂർ, ജോധ്പൂർ, പൂനെ തുടങ്ങിയ നഗരങ്ങളിലായിരുന്നു ഇവരുടെ വിവാഹങ്ങൾ നിശ്ചയിച്ചിരുന്നത്.

നാഗ്പൂരിലെ സിന്ധി സമുദായ നേതാവ് രാജേഷ് ഝാംബിയയുടെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടലുകൾ ആരംഭിച്ചു. തുടർന്ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്ട്കിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ഷദാനി ദർബാറിന്റെ ആത്മീയ മേധാവി സന്ത് യുധിഷ്ഠിർലാൽ ഷദാനിയെയും സമീപിച്ചു.

ഇന്ത്യക്കാരുമായി വിവാഹനിശ്ചയം കഴിഞ്ഞ പാകിസ്താനി സ്ത്രീകളുടെ പട്ടിക ഷദാനി ദർബാർ തയ്യാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. വധുക്കൾക്കും കുടുംബാംഗങ്ങൾക്കും വിവാഹത്തിനായി ഇന്ത്യയിലെത്താൻ വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവർക്ക് ഇന്ത്യയിലെത്താൻ അനുമതി നൽകിയെങ്കിലും വിമാനമാർഗം മാത്രമേ യാത്ര ചെയ്യാവൂ എന്ന നിബന്ധന ഏർപ്പെടുത്തി. ഇതോടെ വാഗാ–അട്ടാരി അതിർത്തിക്ക് പകരം ദുബായ്, ഒമാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള ട്രാൻസിറ്റ് യാത്രകളിലൂടെയാണ് വധുക്കളും ബന്ധുക്കളും ഇന്ത്യയിലെത്തിയത്.

ഈ വർഷം ഏപ്രിൽ മുതൽ ഏകദേശം 150 വധുക്കളും അവരുടെ കുടുംബാംഗങ്ങളും ഇത്തരത്തിൽ ഇന്ത്യയിലെത്തിയതായി രാജേഷ് ഝാംബിയ പറഞ്ഞു. നാഗ്പൂരിൽ മാത്രം 15 വിവാഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, പാകിസ്താനിൽ ഇനിയും ഏകദേശം 300 സ്ത്രീകൾ ഇന്ത്യക്കാരായ യുവാക്കളുമായുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണെന്നാണ് വിവരം. ഇവർക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസ അനുവദിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഝാംബിയ വ്യക്തമാക്കി.

2025ൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതിന് പിന്നാലെയാണ് ഇന്ത്യ–പാകിസ്താൻ യാത്രാ ബന്ധങ്ങളിൽ വലിയ നിയന്ത്രണങ്ങൾ ഉണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 150 Pakistani Brides Arrive in India Amid Visa Crisis After Operation Sindoor
Next Story