സോ ഓഫ് കരാർ ക്യാമ്പിൽ നിന്ന് 150 കുക്കികളെ കാണാനില്ല: ഉപജീവനത്തിനായി കൃഷി പണിയെടുക്കുന്നുവെന്ന് കുക്കി സംഘടനകൾ
text_fieldsമണിപ്പൂർ: സോ ഓഫ് കരാർ ക്യാമ്പിൽ നിന്ന് 150 കുക്കി കേഡർമാരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഉപജീവനത്തിനായി കർഷകരായി പണിയെടുക്കുന്നുവെന്ന് കുക്കി സംഘടനകൾ. കഴിഞ്ഞ 26 മാസമായി കേന്ദ്ര സർക്കാർ നൽകിവരുന്ന പ്രതിമാസ അലവൻസ് 6,000 രൂപ ലഭിക്കാത്തതിനാൽ കുക്കി സായുധ വിഭാഗത്തിലെ അംഗങ്ങൾ ഉപജീവനത്തിനായി കൃഷിയിടങ്ങളിൽ പണിയെടുക്കുകയാണെന്ന് കുക്കി സംഘടനകൾ വ്യക്തമാക്കി.
മണിപ്പൂർ കങ്പോക്പി ജില്ലയിലെ സിനായിയിലുള്ള കുക്കി സായുധ സംഘങ്ങളുടെ നിയുക്ത ക്യാമ്പിൽ വെള്ളിയാഴ്ച പൊലീസ്, സി.ആർ.പി.എഫ്, അസം റൈഫിൾസ് എന്നിവരുടെ സംയുക്ത സംഘം നടത്തിയ റെയ്ഡിൽ 150 കേഡർമാർ ഉണ്ടാകേണ്ടതായിരുന്നുവെങ്കിലും 17 പേരെ മാത്രമാണ് കണ്ടെത്താനായത്. വ്യാജ രേഖകളുമായി ക്യാമ്പിൽ കഴിയുകയായിരുന്ന ഈ 17 പേരെയും അറസ്റ്റ് ചെയ്യുകയും 24 ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ് ഞായറാഴ്ച ഹെലികോപ്റ്ററിൽ സിനായി ക്യാമ്പ് സന്ദർശിച്ചു.
കങ്പോക്പിക്കും മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ഇംഫാൽ പടിഞ്ഞാറിനും ഇടയിലുള്ള പ്രദേശത്ത് ഒക്ടോബർ 18ന് മൂന്ന് മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വെള്ളിയാഴ്ച സി.ആർ.പി.എഫ് ഈ ക്യാമ്പ് പിടിച്ചെടുത്തത്. ഈ ആക്രമണത്തിന് പിന്നിൽ കുക്കി സായുധ സംഘങ്ങളാണെന്ന് സംശയിക്കുന്നു. എന്നാൽ സോ ഓഫ് കരാറിന് കീഴിലുള്ള കുക്കി സായുധ സംഘടനകളുടെ കൂട്ടായ്മയായ കുക്കി നാഷണൽ ഓർഗനൈസേഷന്റെ (കെ.എൻ.ഒ) മുതിർന്ന നേതാവ് ഈ ആക്രമണത്തിൽ തങ്ങളുടെ കേഡർമാരുടെ പങ്ക് നിഷേധിച്ചു.
സോ ഓഫ് കരാറിൻ്റെ ഭാഗമല്ലാത്ത 17 പേരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, " പുറത്തുനിന്നുള്ള ചിലർ അവിടെ ഉണ്ടായിരുന്നുവെങ്കിലും അവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നില്ല. സുരക്ഷാ സേന പിടിച്ചെടുത്ത ആയുധങ്ങൾ സോ ഓഫ് കരാറിന് കീഴിൽ രജിസ്റ്റർ ചെയ്തവയാണ്. സെപ്റ്റംബർ മുതൽ സോ ഓഫ് കരാർ പുതുക്കാത്തതും ചർച്ചകളിൽ പുരോഗതിയില്ലാത്തതും തങ്ങളുടെ ജനങ്ങൾക്കെതിരെ മെയ്തേയ്, നാഗ വിഭാഗങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളും ഞങ്ങളുടെ കേഡർമാരെ നിരാശരാക്കിയിട്ടുണ്ട്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
25 കുക്കി സായുധ സംഘടനകളുടെ കൂട്ടായ്മയായ കെ.എൻ.ഒയും യുനൈറ്റഡ് പീപ്പിൾസ് ഫ്രണ്ടും (യു.പി.എഫ്) ചേർന്ന് 2005ലാണ് സോ ഓഫ് കരാർ ഒപ്പുവെച്ചത്. എന്നാൽ മണിപ്പൂർ സർക്കാറിന്റെയും മെയ്തെയ് - നാഗ സംഘടനകളുടെയും ശക്തമായ എതിർപ്പുകൾ കാരണം ഈ വർഷം സെപ്റ്റംബർ മുതൽ കരാർ പുതുക്കിയിട്ടില്ല. 2023 മെയ് മാസം മുതൽ ആരംഭിച്ച സംഘർഷത്തിൽ മുന്നൂറിലധികം ആളുകൾക്ക് ഇതിനകം ജീവൻ നഷ്ടമായിട്ടുണ്ട്.
കുക്കി സായുധ സംഘങ്ങൾക്ക് ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് സോ ഓഫ് കരാർ റദ്ദാക്കണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മെയ്തെയ്, നാഗ വിഭാഗങ്ങളുടെ ആവശ്യം. 13 നിയുക്ത ക്യാമ്പുകളിലായി കുക്കി സായുധ സംഘങ്ങളുടെ 2,000ത്തോളം കേഡർമാരാണ് നിലവിലുള്ളത്. അതേസമയം, കുക്കി-സോ വിഭാഗങ്ങൾ തങ്ങൾക്കായി പ്രത്യേക കേന്ദ്രഭരണ പ്രദേശം ആവശ്യപ്പെടുന്നുണ്ട്.


