കോളജിൽ ഹോളി ആഘോഷത്തിന് അനുമതി നിഷേധിച്ചു; അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ടു; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ
text_fieldsഇൻഡോർ: കോളജിൽ ഹോളി ആഘോഷത്തിനു അനുമതി നിഷേധിച്ചതിന്‍റെ ദേഷ്യത്തിൽ അധ്യാപകരടക്കം 150 ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തിൽ നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ.
ഇൻഡോറിലെ ഗവ. ഹോൽക്കർ സയൻസ് കോളജിലാണ് വിദ്യാർഥികളുടെ അതിക്രമം. കോളജിലെ വൈദ്യുതിയും വിദ്യാർഥികൾ വിച്ഛേദിച്ചിരുന്നു. അരമണിക്കൂറോളമാണ് അധ്യാപകരെ ഹാളിൽ പൂട്ടിയിട്ടത്. ഇതിനിടെ ഹാളിലുണ്ടായിരുന്ന ജീവനക്കാരൻ ജനല്‍ വഴി പുറത്തിറങ്ങി വാതിൽ തുറക്കുകയായിരുന്നു. ഹോളി ദിനത്തിന്‍റെ ഭാഗമായി മാർച്ച് ഏഴിന് പ്രത്യേക ആഘോഷ പരിപാടികൾ നടത്താനായിരുന്നു നീക്കം.
ഡിജെ ഉൾപ്പെടെയുള്ള പരിപാടികൾക്കാണ് പദ്ധതിയിട്ടത്. ഇതിനാണ് കോളജ് അധികൃതർ അനുമതി നിഷേധിച്ചത്. ഇതോടെ രോഷാകുലരായ വിദ്യാർഥികൾ പരിപാടി സംബന്ധിച്ച പോസ്റ്ററുകൾ ഉൾപ്പെടെ കോളജ് പരിസരത്ത് സ്ഥാപിച്ചു. പിന്നാലെ പ്രിൻസിപ്പലിന്‍റെ നിർദേശത്തെ തുടർന്ന് ഈ പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ, ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധം നടത്തുകയും കോളജിലെ ഹാളിന്‍റെ വാതിൽ പുറത്തുനിന്ന് പൂട്ടുകയുമായിരുന്നു.
ഈസമയം ഹാളിൽ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ഒരു യോഗം നടക്കുകയായിരുന്നു. വനിത അധ്യാപകർ ഉൾപ്പെടെ അര മണിക്കൂറാണ് ഹാളിൽ കുടുങ്ങിയത്. ജില്ല ഭരണകൂടം നടത്തിയ അന്വേഷണത്തിൽ നാലു വിദ്യാർഥികൾ ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതായി കോളജ് പ്രിൻസിപ്പൽ അനാമിക ജെയ്ൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

