ജലന്ധർ: ഫോൺ തട്ടിപ്പറിച്ച അക്രമിയെ കീഴ്പ്പെടുത്തിയ കുസുമത്തിന് ഡെപ്യൂട്ടി കമീഷണർ 51,000 രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കിലെത്തി തന്‍റെ ഫോൺ തട്ടിപ്പറിച്ച അക്രമിയെ നേരിട്ട കുസുംകുമാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ജലന്ധർ ഡെപ്യൂട്ടി കമീഷണർ ഘനശ്യാം തോറിയാണ് സമ്മാനം പ്രഖ്യാപിച്ചത്. ബേഠി ബച്ചാവോ ബേഠി പഠാവോ ആന്ദോളൻ പരിപാടിയിൽ കൗമാരക്കാരായ മറ്റ് പെൺകുട്ടികൾക്ക് ധൈര്യം പകരാനായി കുസുംകുമാരിയെ കൂടി ഉൾപ്പെടുത്താനും ഡിപ്പാർട്ട്മെന്‍റ് തീരുമാനിച്ചതായും തോറി പറഞ്ഞു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ താരമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കുസുമം എന്ന പതിനഞ്ചുകാരി. തന്‍റെ സ്മാർട്ട് ഫോൺ വിലമതിക്കാനാവാത്തതാണെന്നും അത് അങ്ങനെയങ്ങ് വിട്ടുകളയാൻ കഴിയില്ലെന്നും കുസുമം പറയുന്നു. 'സ്മാർട്ട് ഫോൺ വെറുതെ കിട്ടയതല്ല. എന്‍റെ പിതാവ് വളരെ കഷ്ടപ്പെട്ടാണ് ഫോൺ വാങ്ങിത്തന്നത്. കോവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ അദ്ദേഹം കഷ്ടപ്പെട്ട് വാങ്ങിത്തന്ന ആ ഫോണിന്‍റെ വില തിട്ടപ്പെടുത്താനാവില്ല.
മാത്രമല്ല, ഫോണില്ലെങ്കിൽ തനിക്ക് ക്ലാസുകൾ നഷ്ടപ്പെടും. മറ്റൊരു ഫോൺ കൂടി വാങ്ങിത്തരാന് പിതാവിന് കഴിയില്ലെന്നും കുസുമം പറയുന്നു. സമാന സാഹചര്യങ്ങളിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് കുസുമം നൽകുന്ന ഉപദേശം ഇതാണ്. 'ഭയത്തിന് അടിമപ്പെടാതിരിക്കുക. ഭയപ്പെട്ടാൽ തന്നെയും അത് നിങ്ങളുടെ ശത്രുവിനെ അറിയിക്കാതിരിക്കുക. പൊരുതുക, അവസാനം നിങ്ങൾ തന്നെ വിജയിക്കും.'