ഫാക്ടറിയിലെ ലിഫ്റ്റിനിടയിലേക്ക് വീണ് 15കാരന് ദാരുണാന്ത്യം
text_fieldsന്യൂഡൽഹി: ഫാക്ടറിയിലെ ലിഫ്റ്റിനിടയിലേക്ക് വീണ് 15കാരന് ദാരുണാന്ത്യം. ഡൽഹിയിലെ ബവന വ്യവസായ മേഖലയിലാണ് സംഭവം. അലോക് എന്ന 15കാരനാണ് എയർ കൂളർ ഫാക്ടറിയുടെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് മരിച്ചത്.
ഫാക്ടറിയുടെ രണ്ടാം നിലയിൽ നിന്നാണ് കുട്ടി ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണത്. ഈ സമയം തയാഴെ നിലയിൽ നിന്ന് കയറി വന്ന ലിഫ്റ്റ് കുട്ടിയെ ഷാഫ്റ്റിനോട് ചേർത്ത് ഞെരുക്കിയതാണ് മരണത്തിലേക്ക് നയിച്ചത്.
കുട്ടിയുടെ മൃതദേഹം ലിഫ്റ്റിന്റെ മൂവിങ് വയറുകളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മെക്കാനിക്കൽ ലഫ്റ്റായിനാൽ വയറിലൂടെ വൻ തോതിൽ വൈദ്യുതി കടന്നുപോകുന്നതാണ്. കുട്ടിക്ക് വൈദ്യുതാഘാതവും ഏറ്റിട്ടുണ്ടെന്ന് ഡോകട്ർമാർ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കുട്ടിയുടെ അമ്മ എയർ കൂളർ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. ഫാക്ടറിയിലേക്ക് വരുന്ന കുട്ടിയെ കൊണ്ടും തൊഴിലുടമകൾ ജോലി ചെയ്യിപ്പിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. അത്തരത്തിൽ ലിഫ്റ്റിന് സമീപം ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഷാഫ്റ്റിനിടയിലേക്ക് കുട്ടി വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റതിനാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
‘കഴുത്തിൽ അമർത്തിയ അടയാളമുണ്ട്. കുട്ടിക്ക് ഹൈ ടെൻഷൻ വയറിൽ നിന്ന് വൈദ്യുതാഘാത മേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അവന്റെ അമ്മ ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്. തൊഴിലുടമകൾ പറഞ്ഞത് അമ്മയോടൊപ്പം വന്ന കുട്ടി അവിടെ കളിക്കുകയായിരുന്നു എന്നാണ്. എന്നാൽ കുട്ടിയെ ജോലി ചെയ്യാൻ തൊഴിലുടമകൾ നിർബന്ധിച്ചിടുണ്ടെന്ന് അമ്മ ആരോപിക്കുന്നു’ - പൊലീസ് വ്യക്തമാക്കി. അശ്രദ്ധമൂലമുണ്ടായ മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ജോലി ചെയ്യാൻ നിർബന്ധിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഫാക്ടറിക്ക് മുന്നിൽ സമരം നടത്തി.