മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 15കാരനെ തല്ലിക്കൊന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ മൊൈബൽ ഫോണും 3000 രൂപയും മോഷ്ടിച്ചെന്ന് ആരോപിച്ച് 15കാരനെ തല്ലിക്കൊന്നു. കരൂർ വെള്ളിയണ അല്ലാളി കൗണ്ടന്നൂർ പരേതനായ പളനിച്ചാമിയുടെ മകൻ ബാലസുബ്രമണി(15) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ച വീട്ടിൽ അതിക്രമിച്ചുകടന്ന സംഘം ബാലനെ പുറത്തിറക്കി അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
ഇതിനിടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിൽനിന്ന് മൊബൈൽ ഫോണും പണവും കളവുപോയതറിഞ്ഞത്. സ്കൂൾ പഠനം നിർത്തിയ ബാലസുബ്രമണിയാണ് മൊൈബൽ ഫോൺ മോഷ്ടിച്ചതെന്ന് കരുതിയാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സമീപവാസികളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.
