മരണത്തീയിൽനിന്ന് രക്ഷതേടി കുട്ടികൾ കെട്ടിടത്തിൽനിന്ന് ചാടി; മരിച്ചവരിൽ ഭൂരിഭാഗവും ആനിമേഷൻ വിദ്യാർഥികൾ
text_fieldsലഖ്നോ: മൂന്നുനില കെട്ടിടത്തിൽ ആളിപ്പടരുന്ന തീയിൽനിന്ന് രക്ഷ നേടാൻ ഒന്നും നോക്കാതെ എടുത്തുചാടുകയായിരുന്നു അവർ. പലരുടെയും കൈകാലുകൾ ഒടിഞ്ഞു. ചിലർക്ക് സാരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന 15 പേരുടെ ജീവൻ അഗ്നി വിഴുങ്ങിയത് പിന്നീടാണ് ഇവർ അറിഞ്ഞത്.
ഇന്നലെ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയുടെ വടക്കൻ മേഖലയിൽ ആനിമേഷൻ സെന്റർ പ്രവർത്തിച്ച കെട്ടിടത്തിലാണ് ദൗർഭാഗ്യകരമായ തീപ്പിടിത്തം ഉണ്ടായത്. 15 പേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭൂരിഭാഗവും വിദ്യാർഥികളാണ്. കോച്ചിങ് സെന്ററിന് പുറമേ, പെറ്റ് ക്ലിനിക്കും ഇവിടെ പ്രവർത്തിച്ചിരുന്നു. പെറ്റ് ക്ലിനിക്കിലെ നിരവധി ജീവികളും ദുരന്തത്തിനിരയായി.
തീപിടിത്തമുണ്ടായതിനെത്തുടർന്ന് കെട്ടിടത്തിൽനിന്ന് വിദ്യാർഥികൾ പ്രാണരക്ഷാർഥം ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കെട്ടിടത്തിൽനിന്ന് ചാടിയതിനെത്തുടർന്നും ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അലിഗഞ്ച് പൂർണിയയിലെ ഉഷാ മേത്ത മാർഗിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിൽ കുടുങ്ങിയവരാണ് അപകടത്തിനിരയായത്.
അകത്ത് കുടുങ്ങിയവരെ കണ്ടെത്താൻ അഗ്നിശമന സേനാംഗങ്ങൾ കെട്ടിടത്തിലെ ഓരോ മുറിയിലും പരിശോധന നടത്തി. കെട്ടിടത്തിൽ വലിയ ദ്വാരമുണ്ടാക്കിയാണ് സ്ടെച്ചറുകളിൽ പരിക്കേറ്റവരെ പുറത്തെത്തിച്ചത്. അപകടത്തിൽപ്പെട്ട 22 പേരെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ എത്തിച്ചു. ഇവരിൽ 15 പേർ ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപവീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കെട്ടിടത്തിൽ അഗ്നിസുരക്ഷ ഉറപ്പുവരുത്തിയിരുന്നില്ലെന്നും പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിളിച്ചിട്ടും സഹായമെത്താൻ ഏറെ വൈകിയെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

