പൂണെയിൽ മതിലിടിഞ്ഞ് വീണ് 15 പേർ മരിച്ചു
text_fieldsപൂണെ: പൂണെയിൽ ഫ്ലാറ്റ് സമുച്ചയത്തിൻെറ മതിലിടിഞ്ഞ് വീണ് 15 പേർ മരിച്ചു. നഗരത്തിലെ കോന്ദ്വ മേഖലയിലാണ് ദുര ന്തമുണ്ടായത്. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു.
കനത്ത മഴയിൽ അറുപതടിയോളം ഉയരമുള്ള മതിൽ തൊട്ടടുത്ത കുടിലുകൾക്ക് മുകളിലേക്ക് തകർന്ന് വീഴുകയായിരുന്നു. സമീപത്ത് കെട്ടിട നിർമാണത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അപ്പാർട്ട്മെൻറിനടുത്ത് പാർക്ക് ചെയ്ത കാറുകളും തകർന്നിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
മതിൽ തകർന്ന് വീണതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൂണെ പൊലീസ് അറിയിച്ചു. അപകടത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കെട്ടിട നിർമാണം അനുമതിയോടെയാണോ നടത്തിയതെന്ന് അന്വേഷിക്കുമെന്നും പൂണെ പൊലീസ് മേധാവി കെ.വെങ്കടേശം പറഞ്ഞു.
