ഒന്നര കോടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ
text_fieldsമംഗളൂരു: പ്ലാസ്റ്റിക് ഉൽപന്ന ഫാക്ടറി ഉടമയുടെ വീട്ടിൽ നിന്ന് 1.50 കോടി രൂപ വിലവരുന്ന സ്വർണ്ണം, വജ്രം, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച യുവദമ്പതികളെ കൊറമംഗള പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവർ കിരൺ കുമാർ(28), ഭാര്യ വീട്ടുവേലക്കാരി രേശ്മ(25) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നര വർഷത്തിനിടെയാണ് നാലു കിലോഗ്രാം സ്വർണ-വജ്ര ആഭരണങ്ങളും രണ്ടര കിലോഗ്രാം വെള്ളി ആഭരണങ്ങളും കവർന്നത്. രണ്ട് വർഷം മുമ്പ് ജമന്ത് എസ്. ബെദയുടെ വീട്ടിൽ ജോലിക്കാരിയായി ചേർന്ന രേശ്മ പല തവണയായാണ് അലമാരകളിൽ നിന്ന് ആഭരണങ്ങൾ അടിച്ചു മാറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഇവ അപ്പപ്പോൾ കിരണിന് കൈമാറി വിൽപന നടത്തി. കാർ, ബൈക്ക് എന്നിവ വാങ്ങിയ ദമ്പതികൾ കൊറമംഗളയിൽ ഫ്ലാറ്റ് മൂന്ന് വർഷത്തേക്ക് 30 ലക്ഷം രൂപക്ക് പാട്ടത്തിനെടുക്കുകയും ചെയ്തിരുന്നു.
വീട്ടുകാർ അലമാരകൾ പരിശോധിച്ച് മോഷണം കണ്ടെത്തിയതോടെ രേശ്മ ജോലിക്ക് പോവാതായി. പരാതി ലഭിച്ച പൊലീസ് രേശ്മയുടെ നീക്കങ്ങൾ സൂക്ഷ്മം നിരീക്ഷിച്ചു വരുകയായിരുന്നു. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
