വെനസ്വേലയിലേക്ക് 23 മണിക്കൂറിൽ 14,000 കിലോമീറ്റർ: ഭൂകമ്പബാധിതർക്കായി ഇന്ത്യയുടെ മാനുഷിക ദൗത്യം
text_fieldsന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയിലേക്ക് ഇന്ത്യയുടെ മാനവിക സഹായം എത്തിക്കാൻ ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം ശ്രദ്ധേയമാവുന്നു. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന പേരിൽ രണ്ട് C-17 ഗ്ലോബ്മാസ്റ്റർ III ഭീമൻ ചരക്കുവിമാനങ്ങൾ വെറും 23 മണിക്കൂർ പറന്ന് 14,000 കിലോമീറ്ററിലധികം ദൂരം താണ്ടിയാണ് വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ എത്തിയത്.
ജൂൺ 26-ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഹിൻഡൺ എയർബേസിൽ നിന്ന് പുറപ്പെട്ട വിമാനങ്ങൾ ഞായറാഴ്ച മൈക്വറ്റിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി.രണ്ട് വിമാനങ്ങളിലുമായി 66 ടൺ മാനവിക സഹായ സാമഗ്രികളാണ് എത്തിച്ചത്. ഇതിൽ ഇന്ത്യൻ സൈന്യത്തിന്റെ ഫീൽഡ് ആശുപത്രി, 35 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രണ്ട് 'ഭീഷ്മ് ക്യൂബുകൾ' എന്നിവ ഉൾപ്പെടുന്നു .അത്യാധുനികവും അതിവേഗം വിന്യസിക്കാനാകുന്നതുമായ മൊഡ്യൂളർ ഫീൽഡ് ആശുപത്രിയായ ഭീഷ്മ് ക്യൂബ്, 200 രോഗികൾക്ക് വരെ അടിയന്തര ചികിത്സ, ശസ്ത്രക്രിയ, തീവ്രപരിചരണം എന്നിവ നൽകാൻ ശേഷിയുള്ളതാണ്.
"വേഗതയോടെയും ദൂരപരിധിയോടെയും കരുണയോടെയും ഇന്ത്യൻ വ്യോമസേനയുടെ രണ്ട് C-17 വിമാനങ്ങൾ 23 മണിക്കൂർ നീണ്ട ദൗത്യം വിജയകരമായി പൂർത്തിയാക്കി.ഡൽഹിയിൽ നിന്ന് കാരക്കാസിലേക്ക് 14,000 കിലോമീറ്ററിലധികം ആകാശ ദൂരം സഞ്ചരിച്ചു," ഐ.എ.എഫ് ഞായറാഴ്ച അറിയിച്ചു.
കാരക്കാസിലെത്താൻ വിമാനങ്ങൾ മിഡിൽ ഈസ്റ്റിനും വടക്കേ ആഫ്രിക്കയുടെ ചില ഭാഗങ്ങളും പിന്നിട്ട് ഐവറി കോസ്റ്റിൽ ഇന്ധനം നിറച്ചശേഷം അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്നാണ് വെനസ്വേലയിലെത്തിയത്. ഇന്ത്യയും വെനസ്വേലയും ഊർജ്ജ, സാമ്പത്തിക മേഖലകളിൽ നല്ല ബന്ധം പുലർത്തുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വാണിജ്യ വിമാന സർവിസുകളില്ല. അതിനാൽ ഇന്ത്യയിൽ നിന്ന് വെനസ്വേലയിലേക്ക് പോകുന്നവർ സാധാരണയായി മിഡിൽ ഈസ്റ്റിലേക്കോ യൂറോപ്പോ വഴി വിമാനങ്ങൾ മാറിയാണ് കാരക്കാസിലെത്തുന്നത്.
ഇന്ത്യൻ വ്യോമസേനക്ക് നിലവിൽ 11 C-17 ഗ്ലോബ്മാസ്റ്റർ III വിമാനങ്ങളുണ്ട്. 2013-ൽ അമേരിക്കയിൽ നിന്ന് വാങ്ങിയ ഇവ ഹിൻഡൺ ആസ്ഥാനമായ 81-ാം സ്ക്വാഡ്രൺ 'ദ സ്കൈലോർഡ്സ്' ആണ് പ്രവർത്തിപ്പിക്കുന്നത്. 77,000 ടൺ വരെ ചരക്ക് വഹിക്കാനുള്ള ശേഷി, 10,000 കിലോമീറ്ററിലധികം ഒറ്റയടിക്ക് പറക്കാനുള്ള ശേഷി എന്നിവ പ്രധാന പ്രത്യേകതകളാണ്.
2020-ലെ കിഴക്കൻ ലഡാക്ക് അതിർത്തി പ്രതിസന്ധിക്കിടെ ടി-90 ടാങ്കുകളും മറ്റ് ഭാരമേറിയ സൈനിക ഉപകരണങ്ങളും എത്തിക്കാൻ ഈ വിമാനങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു. കൂടാതെ വിദേശ സംയുക്ത സൈനികാഭ്യാസങ്ങൾ, ആഭ്യന്തര-വിദേശ മാനവിക സഹായ ദൗത്യങ്ങൾ, പ്രത്യേക സർക്കാർ ദൗത്യങ്ങൾ എന്നിവക്കും ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. അടുത്തിടെ, നീറ്റ് പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ രാജ്യത്തുടനീളം എത്തിക്കാൻ സർക്കാരിനെ സഹായിച്ചതിലൂടെ ഈ വിമാനങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

