ഹിന്ദു സംഘടനകളുടെ എതിർപ്പ്; 114 മുസ്‌ലിം ജീവനക്കാർ ഉൾപ്പെടെ 167 പേരെ പിരിച്ചുവിട്ട് ക്ഷേത്ര ട്രസ്റ്റ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിൽ അച്ചടക്ക ലംഘനമാരോപിച്ച് ശനി ഷിഗ്നാപൂർ ക്ഷേത്ര ട്രസ്റ്റ് 114 മുസ്‌ലിം ജീവനക്കാർ ഉൾപ്പെടെ 167 പേരെ പിരിച്ചുവിട്ടു. ക്ഷേത്രപരിസരത്ത് മുസ്‌ലിം ജീവനക്കാരുടെ സാന്നിധ്യത്തിനെതിരെ ഹിന്ദു സംഘടനകൾ അടുത്തിടെ നടത്തിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.
ശനിദേവന്റെ പുണ്യസ്ഥലത്ത് അഹിന്ദു തൊഴിലാളികളെ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ക്ഷേത്രത്തിന് പുറത്ത് മാർച്ച് നടത്തുമെന്നും സംഘടനകൾ അറിയിച്ചിരുന്നു. മതപരമായ കാരണങ്ങളല്ല പിരിച്ച് വിടലിന് പിന്നിലെന്ന് ഭാരവാഹികൾ പ്രതികരിച്ചു. മഹാരാഷ്ട്രയിലെ പ്രശസ്തമായ ക്ഷേത്രമാണിത്.
അതേസമയം, മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ പിരിച്ചുവിടൽ പൗരാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് സമാജവാദി പാർട്ടി നിയമസഭാംഗം റൈസ് ഷെയ്ഖ് പറഞ്ഞു. ഇത് നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടിയാണ്. മുസ്‌ലിംകളെയും ദലിതുകളെയും ലക്ഷ്യം വയ്ക്കുന്നത് എല്ലായ്പ്പോഴും ബി.ജെ.പി സർക്കാരിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമാണ്.
മതപരമായ വോട്ടുകൾ ധ്രുവീകരിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് അവരുടെ പ്രധാന അജണ്ട. ട്രസ്റ്റ് പിരിച്ചുവിട്ട 114 മുസ്‌ലിം ജീവനക്കാരും ക്ഷേത്ര പരിസരത്ത് ജോലി ചെയ്തിരുന്നവരല്ല. മറിച്ച് മാലിന്യ സംസ്കരണം, കൃഷി, ഭരണം തുടങ്ങിയ വകുപ്പുകളിലാണ് ജോലി ചെയ്തിരുന്നതെന്ന് താനെ ജില്ലയിലെ ഭിവണ്ടി ഈസ്റ്റിൽ നിന്നുള്ള എംഎൽഎ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

