
ബസിൽ അപ്രതീക്ഷിത യാത്രികനായി കൂറ്റൻ പെരുമ്പാമ്പ്; സഞ്ചരിച്ചത് 250 കി.മീറ്ററും
text_fieldsജയ്പൂർ: സ്വകാര്യ ബസിൽ അപ്രതീക്ഷിത യാത്രികനായി കൂറ്റൻ പെരുമ്പാമ്പും. ഉദയ്പൂരിൽനിന്ന് മുംബൈയിലെത്തിയ ബസിലാണ് 14 അടി നീളമുള്ള പെരുമ്പാമ്പിനെ കെണ്ടത്തിയത്. ബസിൽ പാമ്പ് കയറികൂടിയ വിവരം യാത്രികരോ ജീവനക്കാരോ അറിഞ്ഞിരുന്നില്ല.
ഉദയ്പൂരിൽനിന്ന് 250 കിലോമീറ്റർ സഞ്ചരിച്ച് ശനിയാഴ്ച രാവിലെ ബസ് അഹ്മദാബാദിന് സമീപത്തെ ധാബയിലെത്തിയപ്പോഴാണ് യാത്രക്കാരിലൊരാൾ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതും ഇയാൾ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.
തുടർന്ന് എല്ലാ യാത്രക്കാരും ബസിൽനിന്ന് പുറത്തിറക്കി. പിന്നീട് ബസിലുണ്ടായിരുന്ന ഏതാനും യുവാക്കൾ പാമ്പിനെ തിരഞ്ഞ് കണ്ടെത്തി ബസിന് പുറത്തെത്തിക്കുകയായിരുന്നു. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവർ പാമ്പിനെ പിടികൂടിയത്. പാമ്പിനെ സുരക്ഷിതമായി കാട്ടിൽ തുറന്നുവിട്ടു. പാമ്പിനെ പിടികൂടുന്നതിന്റെ വിഡിയോ ചില യാത്രക്കാർ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഉദയ്പൂരിൽനിന്ന് ബസ് നിർത്തിയിട്ടപ്പോൾ പാമ്പ് കയറികൂടിയതാകാമെന്ന് യാത്രക്കാർ പറയുന്നു. സീറ്റിന്റെ അടിയിലായതിനാൽ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
