ഉറങ്ങിക്കിടന്നവർക്കു മേൽ ട്രക് പാഞ്ഞു കയറി; പിഞ്ചു കുഞ്ഞടക്കം 14 പേർക്ക് ദാരുണാന്ത്യം
text_fieldsസൂറത്ത്: ഗുജറാത്തിലെ സൂറത്തിനടുത്ത് റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടിയേറ്റ തൊഴിലാളികൾക്കു മേൽ ട്രക് പാഞ്ഞുകയറി 14 പേർ ദാരുണമായി മരിച്ചു. ഒരു വയസ്സുള്ള കുഞ്ഞും എട്ടു സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് സൂറത്തിനടുത്ത കൊസാംബ ഗ്രാമത്തിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ചത്. മധ്യപ്രദേശിൽനിന്നുള്ള 19കാരനൊഴികെ ബാക്കിയെല്ലാവരും രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ നിന്നുള്ളവരാണ്. ചൊവ്വാഴ്ച പുലർച്ച, കരിമ്പു കയറ്റി വന്ന ട്രാക്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട ട്രക് റോഡരികിലെ നടപ്പാതയിൽ കിടന്നവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
12 പേർ തൽക്ഷണം മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിലും മരണത്തിന് കീഴടങ്ങി. പരിക്കേറ്റ ട്രക്ഡ്രൈവറേയും സഹായിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു മൂന്നു പേരും ചികിത്സയിലുണ്ട്. ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.
ഇടിയിൽ ട്രക്കിെൻറ മുൻവശത്തെ ചില്ലു പൊട്ടി മുന്നിലേക്കുള്ള കാഴ്ച നഷ്ടമായതാണ് ദുരന്തത്തിന് കാരണമെന്നും അധികൃതർ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അഞ്ചു ലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഗുജറാത്ത് സർക്കാർ രണ്ടു ലക്ഷം വീതവും ധനസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

