28 മുഖ്യമന്ത്രിമാരിൽ 14 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകൾ; റിപ്പോർട്ട് സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: എം.പിമാരും എം.എൽ.എമാരും പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. രാജ്യത്തെ 28 മുഖ്യമന്ത്രിമാരിൽ 14 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കേസിലെ അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ വിജയ് ഹൻസാരിയ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ കേസുകൾ തെലങ്കാനയിലെ എ. രേവന്ത് റെഡ്ഡിക്കെതിരെയാണ്. 89 കേസുകളാണ് അദ്ദേഹത്തിനെതിരെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിക്കെതിരെ 29 കേസുകളും കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ 19 കേസുകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരെ 19 കേസുകളുമുണ്ട്. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ 18 കേസുകളാണ് റിപ്പോർട്ടിലുള്ളത്.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ അഞ്ച് കേസുകളും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവിനുമെതിരെ നാല് കേസുകളുമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ബിഹാർ മുഖ്യമന്ത്രി സാമ്രാട് ചൗധരി എന്നിവർക്കെതിരെ രണ്ട് കേസുകൾ വീതവും സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ എന്നിവർക്കെതിരെ ഓരോ കേസ് വീതവുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുരുതര ക്രിമിനൽ കേസുകൾ നേരിടുന്ന എം.എൽ.എമാരുടെ കണക്കിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. സംസ്ഥാനത്തെ 292 എം.എൽ.എമാരിൽ 170 പേർക്കെതിരെ ഇത്തരം കേസുകളുണ്ട്. ഇത് ആകെ എം.എൽ.എമാരുടെ 58 ശതമാനമാണ്. മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ സമർപ്പിച്ച 96 പേജുള്ള റിപ്പോർട്ടിലാണ് പരാമർശം.
കേരളത്തിൽ 57 ശതമാനം എം.എൽ.എമാർക്കെതിരെയും ആന്ധ്രപ്രദേശിൽ 56 ശതമാനം പേർക്കെതിരെയും തെലങ്കാനയിൽ 49 ശതമാനം പേർക്കെതിരെയും ഗുരുതര ക്രിമിനൽ കേസുകളുണ്ട്. ഝാർഖണ്ഡിലും ഒഡിഷയിലും ഇത് 45 ശതമാനം വീതമാണ്. ബിഹാറിൽ 42 ശതമാനവും മഹാരാഷ്ട്രയിൽ 40 ശതമാനവുമാണ് ഇത്തരം കേസുകൾ നേരിടുന്ന എം.എൽ.എമാരുടെ വിഹിതമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്സഭയിൽ ഗുരുതര ക്രിമിനൽ കേസുകൾ നേരിടുന്ന അംഗങ്ങളുടെ എണ്ണവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ 543 അംഗങ്ങളുള്ള ലോക്സഭയിൽ 170 എം.പിമാർക്കെതിരെ ഇത്തരം കേസുകൾ നിലവിലുണ്ട്. ഇത് ലോക്സഭയുടെ 31 ശതമാനമാണ്.
തെലങ്കാനയിലെ 17 ലോക്സഭാംഗങ്ങളിൽ 11 പേർക്കെതിരെയും കേരളത്തിലെ 21 അംഗങ്ങളിൽ 11 പേർക്കെതിരെയും ഗുരുതര കേസുകളുണ്ട്. ബിഹാറിൽ 40 എം.പിമാരിൽ 19 പേർക്കും ഉത്തർപ്രദേശിൽ 80 അംഗങ്ങളിൽ 34 പേർക്കും ഇത്തരം കേസുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്രയിലെ 48 എം.പിമാരിൽ 17 പേർക്കും പശ്ചിമ ബംഗാളിലെ 42 പേരിൽ 16 പേർക്കും ആന്ധ്രപ്രദേശിലെ 25 പേരിൽ ഒമ്പത് പേർക്കുമെതിരെ ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
2026 ജൂലൈ വരെയുള്ള കണക്കനുസരിച്ച് നിലവിലെ എം.പിമാരും എം.എൽ.എമാരും മുൻ എം.പിമാരും എം.എൽ.എമാരും പ്രതികളായ 4,192 ക്രിമിനൽ കേസുകൾ വിചാരണ കാത്തുകിടക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ ഉത്തർപ്രദേശിലാണ്. ഇവിടെ 1,171 കേസുകളാണ് വിചാരണയിലുള്ളത്.
രാജ്യസഭയിലെ 233 അംഗങ്ങളിൽ 75 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. ഇത് ആകെ അംഗങ്ങളുടെ 33 ശതമാനമാണ്. ഇതിൽ 40 കേസുകൾ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും അഭിഭാഷക സ്നേഹ കലിത മുഖേന സമർപ്പിച്ച അമിക്കസ് റിപ്പോർട്ടിൽ പറയുന്നു.
മുൻപുള്ളതും നിലവിലുള്ളതുമായ എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതികൾ നിയോഗിക്കണമെന്നാണ് അഡ്വ. വിജയ് ഹൻസാരിയ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കേസുകളുടെ വിചാരണ പുരോഗതി ബന്ധപ്പെട്ട ഹൈക്കോടതികൾ സജീവമായി നിരീക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

