പശ്ചിമ ബംഗാളിൽ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 14 ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിൽ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച 14 ബംഗ്ലാദേശ് പൗരന്‍മാരെ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടികളും അഞ്ച് വനിതകളുമടങ്ങുന്ന സംഘത്തെ നോർത്ത് ഈസ്റ്റ് എകസ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് നിരവധി ആധാർ കാർഡുകളും ആർ.പി.എഫ് കണ്ടെടുത്തു. ഇവ വ്യാജമാണോ അതോ നിയമവിരുദ്ധ മാർഗങ്ങളിലൂടെ നിർമിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലും ട്രെയിനുകളിൽ നടത്തുന്ന പതിവ് പരിശോധനയ്ക്കിടെയുമാണ് ഇവരെ കണ്ടെത്തിയതെന്ന് ഇൻസ്പെക്ടർ ബിപ്ലബ് ദത്ത വ്യക്തമാക്കി. `രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ട്രെയിനുകൾ പരിശോധിക്കുന്നതിനിടെ ആർ.പി.എഫ് ഉദ്യോഗസ്ഥർ സംശയാസ്പദമായി ചിലരെ തിരിച്ചറിഞ്ഞു. അവരുടെ ആധാർ കാർഡുകൾ പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് തോന്നി. ഇതിനെത്തുടർന്ന് അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന സംഘത്തിനെതിരെ ഞങ്ങൾ നടപടിയെടുത്തു. ഇവർ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ഇവരുടെ പക്കൽ നിന്ന് മലേഷ്യൻ കറൻസിയും കണ്ടെടുത്തിട്ടുണ്ട്. ജോലിക്കായി കാശ്മീരിലേക്ക് പോകുകയായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയത്' ദത്ത കൂട്ടിച്ചേർത്തു.
അതേസമയം മാർച്ച് 13 ന് നിയമവിരുദ്ധമായി കൂടയേറിയ 10 ബംഗ്ലാദേശ് പൗരന്മാരെ പരിശോധനക്കിടെ ഡൽഹി പൊലീസ് പിടികൂടിയിരുന്നു. വ്യാജ മെഡിക്കൽ വിസ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും പ്രദേശത്ത് താമസിക്കുന്ന ബംഗ്ലാദേശികളെന്ന് സംശയിക്കുന്ന ചില വിദേശ പൗരന്മാരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുത്ത ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) ആരംഭിച്ചിട്ടുണ്ട്. മേഖലയിലെ അനധികൃതമായ കുടിയേറ്റത്തിനെതിരെ വൻതോതിലുള്ള പരിശോധനയാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
