സ്കൂളിൽ വൈകിയെത്തിയതിന് ബാഗുമായി 100 തവണ സിറ്റ് അപ്പ് ചെയ്യിച്ചു; കഠിന ശിക്ഷക്കൊടുവിൽ 13കാരിക്ക് ദാരുണാന്ത്യം
text_fieldsപാൽഘർ: കുട്ടികളെ ആദരിക്കാനും സ്നേഹിക്കാനുമുള്ള സന്ദേശം പകരുന്ന ശിശുദിനത്തിൽ തന്നെ ഒരു പെൺകുട്ടിക്ക് ദാരുണമായ മരണം സമ്മാനിച്ച് സ്കൂൾ അധികൃതരുടെ കൊടും ക്രൂരത. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് തഹ്‌സിലിലെ സ്കൂളിൽ വൈകിയെത്തിയതിന് ശിക്ഷയായി 100 സിറ്റ് അപ്പുകൾ ചെയ്യാൻ നിർബന്ധിതയായ 13കാരി മരിച്ചു. സംഭവത്തെത്തുടർന്ന് വലിയ നടുക്കത്തിലും ആശങ്കയിലുമാണ് സ്കൂളിൽ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും.
ശ്രീ ഹനുമന്ത് വിദ്യാ മന്ദിർ ഹൈസ്കൂളിലെ വിദ്യാർഥിനിയായ അൻഷിക ഗൗഡ് ആണ് ശിക്ഷയുടെ ഭാരം താങ്ങാനാവതെ വേദന തിന്ന് മരിച്ചത്. സ്കൂൾ ബാഗുമായി 100 സിറ്റ് അപ്പുകൾ ഉൾപ്പെടുന്ന ശിക്ഷ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ കുട്ടിയുടെ ശരീരത്തിനു പുറകിൽ താഴ്ഭാഗത്തായി കഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങി.
വീട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു. തുടർന്ന് പെൺകുട്ടിയെ നളസോപാരയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവസ്ഥ കൂടുതൽ ഗുരുതരമായപ്പോൾ മറ്റൊരു ആശുപത്രയിലേക്കു മാറ്റിയെങ്കിലും അവിടെവെച്ച് മരിക്കുകയായിരുന്നു.
ശിക്ഷക്കു ശേഷം മകൾക്ക് കഴുത്തിലും പുറകിലും അതി കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും കുട്ടിക്ക് എഴുന്നേൽക്കാൻ കഴിയാതായിപ്പോയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വാലിവ് പോലീസ് സ്റ്റേഷൻ അപകട മരണത്തിന് കേസ് എടുത്തു.
അൻഷികയുടെ മരണത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ പാണ്ഡുരംഗ് ഗലാംഗെ പറഞ്ഞു. സംഭവത്തിൽ പ്രാദേശിക പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കുകയും സ്കൂളിനും അധികൃതർക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

