പതിമൂന്നാമൻ
text_fieldsഒറ്റയക്കത്തിലും രണ്ടക്കത്തിലും ഒതുങ്ങിയ ഭാരതീയ ജനത പാർട്ടിക്ക് ഭരണത്തിലേറാൻ വാജ്പേയിയിലൂടെ സാധിച്ചു. ലോക്സഭയിൽ ബി.ജെ.പി 41ൽനിന്ന് 1996ലെ തെരഞ്ഞെടുപ്പോടെ 161 സീറ്റിലേക്ക് മുന്നേറുന്നതിന് ഇന്ത്യൻ രാഷ്ട്രീയം സാക്ഷിയായി. കോൺഗ്രസിനും ഇന്ത്യൻ മതേതരത്തിനും അത് തിരിച്ചടിയായെങ്കിലും വാജ്പേയിയെന്ന മുഴുസമയ രാഷ്ട്രീയക്കാരെൻറ ഒരുപാടു നാളത്തെ കാത്തിരിപ്പിെൻറ സാക്ഷാത്കാരമായിരുന്നു അത്. ഹ്രസ്വമെങ്കിലും ഇന്ത്യയുടെ 13ാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കാൻ അദ്ദേഹത്തിനു സാധിച്ചു.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ 13ാം ദിവസം രാജിവെക്കേണ്ടി വന്നു. എന്നാൽ, 1998ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലൂടെ (എൻ.ഡി.എ) 185 സീറ്റുകൾ നേടി ഉറച്ച ഭരണം കാഴ്ചവെക്കാനുള്ള അവസരം വാജ്പേയിക്ക് ലഭിച്ചു. രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണം നടത്തിയത് ഇൗ കാലയളവിലായിരുന്നു. ആ മുന്നണി ഭരണത്തിന് 13 മാസമേ ആയുസ്സുണ്ടായുള്ളൂ. സഖ്യകക്ഷിയായിരുന്ന ജയലളിതയുടെ എ.െഎ.ഡി.എം.കെ പിന്തുണ പിൻവലിച്ചതോടെ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു.
1999ലെ പൊതു തെരഞ്ഞെടുപ്പിൽ 20ൽപരം പാർട്ടികളെ കൂട്ടിച്ചേർത്തുണ്ടാക്കിയ ദേശീയ ജനാധിപത്യ സഖ്യം 269 സീറ്റുകൾ നേടി. പുറമെ 29 സീറ്റുകളുള്ള തെലുഗുദേശം പാർട്ടിയുടെ പിന്തുണ ലഭിച്ചേതാടെ അഞ്ചു വർഷം ഭരിക്കാൻ വാജ്പേയിക്ക് സാധിച്ചു. അതൊരു ചരിത്രമായി. ആദ്യമായി കോൺഗ്രസ് ഇതര മന്ത്രിസഭ കാലാവധി തികച്ചത് വാജ്പേയിയുടെ ഇൗ ഉൗഴത്തിലായിരുന്നു. 2004ലെ പൊതു തെരഞ്ഞെടുപ്പിൽ വൻ ശുഭാപ്തി വിശ്വാസത്തോടെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ‘ഹൈ വോൾേട്ടജ്’ മുദ്രാവാക്യവുമായി മുന്നേറിയ എൻ.ഡി.എ എല്ലാ പ്രവചനങ്ങളെയും ഞെട്ടിച്ച് വൻ പരാജയം രുചിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പുരോഗമന സഖ്യം വൻ കുതിപ്പ് നടത്തി. മൻമോഹൻ സിങ് മന്ത്രിസഭ അധികാരത്തിലേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
