വോട്ടർമാരുടെ പേര് വെട്ടിമാറ്റൽ; 1.36 ലക്ഷം പേരുടെ നടപടിയിൽ ഡിജിറ്റൽ രേഖകളില്ല
text_fieldsഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ വോട്ടർപട്ടികയിൽ നിന്ന് 1.36 ലക്ഷത്തിലധികം പേരെ കൂട്ടത്തോടെ വെട്ടിമാറ്റിയ നടപടിയുടെ യാതൊരുവിധ ഡിജിറ്റൽ വിവരങ്ങളോ തെളിവുകളോ തങ്ങളുടെ പക്കൽ ലഭ്യമല്ലെന്ന് സമ്മതിച്ച് മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസുകൾ. 2022-ൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ നിന്ന് 1,36,552 വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഈ കൂട്ടത്തോടെയുള്ള നീക്കം ചെയ്യലുമായി ബന്ധപ്പെട്ട കൃത്യമായ ഡിജിറ്റൽ വീഡിയോകളോ മറ്റ് ഔദ്യോഗിക രേഖകളോ മണ്ഡലം ഓഫീസുകളിൽ സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.
ഗരുഡ് ആപ്പ്, ഇ.ആർ.ഒ നെറ്റ് എന്നിവ വഴി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള സ്വാഭാവിക നടപടിയാണെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ തങ്ങളുടെ പക്കൽ ലഭ്യമല്ലെന്നുമാണ് ഇൻഡോറിലെ വിവരാവകാശ ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഇൻഡോർ-4, ഇൻഡോർ-5, റാവു എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ പേരുകൾ വെട്ടിമാറ്റപ്പെട്ടത്. ഈ മൂന്ന് മണ്ഡലങ്ങളിൽ മാത്രം ഏകദേശം 77,828 പേർ ലിസ്റ്റിന് പുറത്തായി, ഇത് ആകെ ഒഴിവാക്കപ്പെട്ടവരുടെ 57 ശതമാനത്തോളം വരും.
ഇത്രയധികം വോട്ടർമാരെ ഒഴിവാക്കിയതിൽ വ്യാപക ക്രമക്കേട് ആരോപിച്ച് അപേക്ഷകനായ മുൻ ഇൻഡോർ കൗൺസിലർ ദിലീപ് കൗശൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. രാജ്യത്തെ 230 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ പേര് വെട്ടിമാറ്റലുമായി ബന്ധപ്പെട്ട രേഖകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തിൽ തീർപ്പുകൽപ്പിക്കാൻ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന വിവരാവകാശ കമ്മീഷന് നിർദേശം നൽകിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

