ജീവിച്ചിരിക്കുന്നത് 13,212 സ്വാതന്ത്ര്യ സമര സേനാനികൾ; ലോക്‌സഭയിൽ കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: 13,212 സ്വാതന്ത്ര്യ സമര സേനാനികൾ ജീവിച്ചിരിപ്പുണ്ടെന്നും അവർക്ക് സർക്കാറിൽ നിന്ന് പെൻഷൻ ലഭിക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ. മരണപ്പെട്ട 9,778 സ്വാതന്ത്ര്യ സമര സേനാനികളുടെ പങ്കാളികൾക്ക് കേന്ദ്രത്തിന്റെ സ്വതന്ത്ര സൈനിക് സമ്മാൻ യോജന (എസ്.എസ്.എസ്.വൈ) പ്രകാരം പെൻഷൻ ലഭിക്കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ പാർലമെന്‍റിനെ അറിയിച്ചു. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'സ്വാതന്ത്ര്യ സൈനിക് സമ്മാൻ യോജന (എസ്.എസ്.എസ്.വൈ) പ്രകാരം ഇതുവരെ 1,71,689 സ്വാതന്ത്ര്യ സമര സേനാനികൾക്ക് കേന്ദ്ര പെൻഷൻ ലഭിച്ചു. 13,212 പെൻഷൻകാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർ പെൻഷൻ സ്വീകരിക്കുന്നു. 9,778 പേരുടെ ജീവിത പങ്കാളികളും പെൻഷൻ സ്വീകരിക്കുന്നു' -അദ്ദേഹം പറഞ്ഞു.
മന്ത്രി പങ്കുവെച്ച കണക്കുകൾ പ്രകാരം, 2024-25 കാലയളവിൽ ഈ പദ്ധതി പ്രകാരം ആഭ്യന്തര മന്ത്രാലയം 599 കോടി രൂപ വിതരണം ചെയ്തു. ജീവിച്ചിരിക്കുന്ന 13,212 സ്വാതന്ത്ര്യ സമര സേനാനികളിൽ കൂടുതൽ പേർ (3,017) പേർ തെലങ്കാനയിലാണ്. തൊട്ടുപിന്നാലെ പശ്ചിമ ബംഗാൾ (1,799), മഹാരാഷ്ട്ര (1,543), ബീഹാർ (988), തമിഴ്‌നാട് (801) എന്നിവിടങ്ങളാണ്.
സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിത പങ്കാളികളിൽ ഭൂരിഭാഗവും തെലങ്കാനയിലാണ് (2,165). തൊട്ടുപിന്നിൽ മഹാരാഷ്ട്ര (1,274), പശ്ചിമ ബംഗാൾ (1,095), ബീഹാർ (693) എന്നി സംസ്ഥാനങ്ങളാണ്. ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെയും പട്ടിക പരിപാലിക്കുന്നുണ്ടെന്ന് ബന്ദി സഞ്ജയ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

