ദുബൈ ഇറാനിയൻ ആശുപത്രിയിലെ ഇന്ത്യക്കാരായ മുൻ ജീവനക്കാർക്ക് എല്ലാ സഹായവും നൽകുന്നു - വിദേശകാര്യ സഹമന്ത്രി
text_fieldsന്യൂഡൽഹി: ദുബൈയിലെ ഇറാനിയൻ ആശുപത്രി അടച്ചുപൂട്ടാനുള്ള പ്രാദേശിക സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 130 ലധികം ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് അറിവുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്. രാജ്യസഭയിൽ ദുബൈയിലെ ഇറാനിയൻ ആശുപത്രിയിലെ മുൻ ഇന്ത്യൻ ജീവനക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യു.എ.ഇയിലെ ഇന്ത്യൻ മിഷനും കോൺസുലർ കേന്ദ്രങ്ങളും ബാധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്തുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്തുവരികയാണെന്നും മന്ത്രി അറിയിച്ചു. ഈ വിഷയം നയതന്ത്ര മാർഗങ്ങളിലൂടെ പ്രാദേശിക അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിസയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഓരോ രാജ്യത്തിന്റെയും പരമാധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറ്റൊരു ചോദ്യത്തിൽ ‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ എന്ന നടപടിയുടെ ഭാഗമായി 36 സെമി-ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ 52 പേരെ യു.എസ് അതിർത്തി പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തതായും അതിൽ 30 പേർ ഇന്ത്യക്കാരാണെന്നുമുള്ള റിപ്പോർട്ടുകളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടി.
2026 ജൂൺ 1ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2026 മേയ് പതിനൊന്ന് മുതൽ പതിനഞ്ച് വരെ നടന്ന പരിശോധനയിൽ, അമേരിക്കയിലെ അരിസോണയിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതായി ആരോപിക്കപ്പെട്ട 52 പേരെ യു.എസ് അതിർത്തി പൊലീസ് അറസ്റ്റ് ചെയ്തതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. ഇവരിൽ 36 പേർ സെമി-ട്രക്ക് ഓടിച്ചിരുന്നവരായിരുന്നു.
അറസ്റ്റിലായവരിൽ 30 പേർ ഇന്ത്യൻ പൗരന്മാരാണെന്ന് യു.എസ് അധികൃതരുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നുവെന്നും യു.എസ് ഫെഡറൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ യു.എസ് അധികൃതർ നടത്തിയ നിയമനടപടിയായിരുന്നുവെന്നും ഇതിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് മുൻകൂട്ടി വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ഇവരുടെ തടങ്കലും അറസ്റ്റും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്ന ഉടൻ തന്നെ വാഷിങ്ടണിലെ ഇന്ത്യൻ എംബസി വഴി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട യു.എസ് അധികൃതരുമായി ബന്ധപ്പെടുകയും അറസ്റ്റിലായവരുടെ പേരുകൾ, വ്യക്തിവിവരങ്ങൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രി അറിയിച്ചു. ഇവരുടെ തിരിച്ചറിയൽ വിവരങ്ങളും മറ്റ് വിശദാംശങ്ങളും സംബന്ധിച്ച് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന്റെ സ്ഥിരീകരണത്തിനായി സർക്കാർ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

