യു.പിയിൽ ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കണ്ണുകൾ ചൂഴ്ന്നെടുത്തു, നാക്ക് മുറിച്ചു
text_fields
ലഖ്നോ: ഉത്തർപ്രദേശിൽ 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകം നടത്തിയ പ്രതികൾ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് പറഞ്ഞു. യു.പിയിലെ ലഖിംപുർ ഖേരി ജില്ലയിലാണ് ക്രൂര കൊലപാതകം നടന്നത്. പ്രതികളെന്ന് സംശയിക്കുന്ന സഞ്ജയ്, സന്തോഷ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിപക്ഷ കക്ഷികൾ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ലഖ്നോവിൽനിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ അതിർത്തിയിൽ വെള്ളിയാഴ്ചയാണ് ദലിത് പെൺകുട്ടി ആക്രമണത്തിന് ഇരയായത്. ഉച്ചക്കുശേഷം വയലിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കരിമ്പുപാടത്തുനിന്ന് കണ്ടെടുത്തത്. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് അഭിഷേക് പ്രതാപ് പറഞ്ഞു. അതേസമയം, കണ്ണിനും നാവിനും മുറിവുണ്ടെന്ന റിപ്പോർട്ട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നടുക്കുന്നതാണെന്നും ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അതിെൻറ പാരമ്യതയിലാണെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സംഭവത്തെ ബി.എസ്.പി നേതാവ് മായാവതി ശക്തമായി അപലപിച്ചു. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ആവശ്യപ്പെട്ടു. യോഗി സർക്കാറിൽ ദലിത് പീഡനം ഗുരുതരമായെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. വീടുകൾ സുരക്ഷിതമല്ല, പെൺകുട്ടികൾ സുരക്ഷിതരല്ല, ചുറ്റിലും ഭീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

