ആകാശത്തൊട്ടിലിൽ കുരുങ്ങി; 13കാരിയുടെ മുടി പൂർണമായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു -VIDEO
text_fieldsലഖ്നോ: ആകാശത്തൊട്ടിലിൽ മുടി കുരുങ്ങിയതിനെ തുടർന്ന് യു.പിയിലെ ഖന്നൗജിൽ 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു. മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടി ചികിത്സയിലാണ്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ആകാശത്തൊട്ടിലിൽ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെൺകുട്ടിയുടെ മുടി യന്ത്രത്തിൽ കുടുങ്ങി വലിയുകയായിരുന്നു. ഇതോടെ, മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ട് രക്തം വാർന്നൊഴുകി. ഉടൻ തന്നെ തൊട്ടിൽ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു. മുടി മുഴുവനായും വേർപ്പെട്ട് യന്ത്രത്തിൽ കുടുങ്ങിയത് വിഡിയോയിൽ കാണാം. പുറത്തെത്തിയതും കുട്ടി ബോധരഹിതയായി വീണു.
കുട്ടിയെ കുടുംബാംഗങ്ങൾ ഉടൻ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് ലഖ്നോവിലെ പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

