സഹോദരിയെ കൊന്ന് പെട്ടിയിലാക്കി ആസിഡൊഴിച്ചു, വിരലുകൾ മുറിച്ച് ഉപേക്ഷിച്ചു; 13കാരിയും കാമുകനും അറസ്റ്റിൽ
text_fieldsപട്ന: ഒമ്പതുകാരിയെ കൊന്ന് പെട്ടിയിലാക്കി സൂക്ഷിക്കുകയും ദുർഗന്ധം വമിച്ചതോടെ ആസിഡൊഴിച്ച് കൈവിരലുകൾ മുറിച്ച് വയലിൽ ഉപേക്ഷിക്കുകയും ചെയ്തു. ബിഹാറിലെ വൈശാലി ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ക്രൂരകൃത്യം ചെയ്തതാകട്ടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ 13കാരിയായ സഹോദരിയും 18കാരൻ കാമുകനും ചേർന്ന്. ഇവർക്ക് എല്ലാത്തിനും ഒത്താശ ചെയ്തത് പെൺകുട്ടികളുടെ അമ്മായിയും. സംഭവത്തിൽ മൂവരും അറസ്റ്റിലായി.
ഹർപ്രസാദ് ഗ്രാമത്തിൽ മേയ് 15നായിരുന്നു സംഭവം. തൊട്ടടുത്ത ഗ്രാമത്തിലേക്ക് വിഹാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയി ദിവസങ്ങൾക്കു ശേഷം തിരിച്ചെത്തിയ മാതാപിതാക്കൾ തങ്ങളുടെ ഒമ്പതുകാരിയായ മകളെ കാണാനില്ലെന്ന് ജൻദഹ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ മേയ് 19ന് വീടിന് സമീപത്തെ വയലിൽനിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണം ദമ്പതികളുടെ 13കാരിയായ മകളിലേക്കും കാമുകനിലേക്കും എത്തുകയായിരുന്നെന്ന് വൈശാലി എസ്.പി രവി രഞ്ജൻ കുമാർ പറഞ്ഞു. വീട്ടിൽ വെച്ച് ഇരുവരെയും ഒരുമിച്ച് ഒമ്പതുകാരി കാണാനിടയായിരുന്നു. ഇതോടെ തങ്ങളുടെ പ്രണയബന്ധം അനുജത്തി മാതാപിതാക്കളെ അറിയിക്കുമോ എന്ന് ഭയമായി. തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
മൃതദേഹം മൂന്ന് ദിവസം പെട്ടിയിലാക്കി സൂക്ഷിച്ചു. ദുർഗന്ധം വമിക്കാൻ ആരംഭിച്ചതോടെ മൃതദേഹം വയലിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി തിരിച്ചറിയാതിരിക്കാൻ മൃതദേഹത്തിൽ ആസിഡൊഴിച്ച് മുഖം വികൃതമാക്കുകയും കൈവിരലുകൾ മുറിച്ചെടുക്കുകയും ചെയ്തു. ഇവർക്ക് സഹായം ചെയ്ത 31കാരിയായ അമ്മായിയും പിന്നീട് അറസ്റ്റിലായി.