Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് ചാരക്കേസ്: 13 നാവികരടക്കം 18 പേർ നിരീക്ഷണത്തിൽ; 'ഓപ്പറേഷൻ ഫയർവാൾ' പ്രഖ്യാപിച്ച് ആന്ധ്ര

text_fields
bookmark_border
spy case
cancel
camera_alt

പ്രതീകാത്മക ചിത്രം

അമരാവതി: പാകിസ്താൻ ബന്ധമുള്ളതായി സംശയിക്കുന്ന ചാരനെറ്റ്‌വർക്കിനെതിരെ ഇന്ത്യയിൽ രാജ്യവ്യാപകമായി കൗണ്ടർ ഇന്റലിജൻസ് നീക്കം ആരംഭിച്ചു. ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന അന്വേഷണത്തിൽ 13 നാവികസേനാംഗങ്ങൾ അടക്കം 18 പേർ കർശന നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പാക് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി സംശയാസ്പദമായ രീതിയിൽ ബന്ധം പുലർത്തുന്നവരെ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് സ്റ്റേറ്റ് കൗണ്ടർ ഇന്റലിജൻസ് വിഭാഗം 'ഓപ്പറേഷൻ ഫയർവാൾ-2026' എന്ന പേരിൽ പ്രത്യേക ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ്, കേരള, മഹാരാഷ്ട്ര, കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 12 പ്രത്യേക അന്വേഷണ സംഘങ്ങൾ ഒരേസമയം റെയ്ഡുകൾ നടത്തിവരികയാണ്. എൻക്രിപ്റ്റഡ് ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് ഇവർ വിവരങ്ങൾ കൈമാറിയിരുന്നത് എന്നാണ് പ്രധാന സംശയം.

കിഴക്കൻ തീരത്തെ സുപ്രധാന നാവിക കേന്ദ്രമായ വിശാഖപട്ടണത്തെ നാവികസേനയുടെയും പ്രതിരോധ സ്ഥാപനങ്ങളുടെയും രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. റെയ്ഡുകളിൽ നിരവധി പ്രതികളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സംശയ നിഴലിലുള്ള 18 പേരിൽ കുറഞ്ഞത് രണ്ടുപേർക്കെങ്കിലും എതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിശാഖപട്ടണത്ത് നാവികസേനയിലെ സിവിലിയൻ കോൺട്രാക്ട് ഡ്രൈവറായ അണ്ണം സായ് വരപ്രസാദ് എന്നയാളെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതിരോധ സ്ഥാപനങ്ങളുടെ വിവരങ്ങൾ പാക് ബന്ധമുള്ള ഏജന്റ് കൈമാറിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വിവരങ്ങൾ കൈമാറിയതിന് ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ, നാവികസേനയിലെ 31 കാരനായ നാവികൻ പ്രദീപ് മുഖർജിയെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. 2014ൽ നാവികസേനയിൽ ചേർന്ന ഇയാൾ, കോയമ്പത്തൂരിൽ പരിശീലന ക്ലാസിൽ പങ്കെടുക്കുന്നതിനിടയിലാണ് പിടിയിലായത്. ഹണിട്രാപ്പിൽ കുടുങ്ങിയാണ് ഇയാൾ പാക് ഏജന്റുകൾക്ക് സമുദ്രമേഖലയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതെന്ന് ആരോപിക്കപ്പെടുന്നു. ആന്ധ്രപ്രദേശ്, തമിഴ്‌നാട് ​പൊലീസ് കൗണ്ടർ ഇന്റലിജൻസ് യൂണിറ്റുകളുടെ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഒക്ടോബർ 14 വരെ റിമാൻഡ് ചെയ്ത ഇയാളെ വിജയവാഡ ജില്ലാ ജയിലിലേക്ക് മാറ്റി.

അതേസമയം, ബാക്കി 16 സംശയാസ്പദ വ്യക്തികൾക്കെതിരെയുള്ള അന്വേഷണം ശക്തമായി തുടരുകയാണ്. പ്രതികളുടെ ഡിജിറ്റൽ ആശയവിനിമയങ്ങളും സാമ്പത്തിക ഇടപാടുകളും വിദേശ രഹസ്യാന്വേഷണ ഏജൻസികളുമായുള്ള ബന്ധവും അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 13 Navy personnel under scanner in Pakistan-linked espionage probe
Next Story