പൂണെയിൽ 13 മരണം; വ്യാജമദ്യം കഴിച്ചതിനെതുടർന്നെന്ന് സംശയം
text_fieldsപ്രതീകാത്മക ചിത്രം
പൂണെയിലും പിംപ്രി-ചിഞ്ച്‌വാഡിലും 13 പേർ മരണപ്പെട്ടത് വ്യാജമദ്യം കഴിച്ചെതിനെത്തുടർന്നെന്ന് സംശയം. പിംപ്രി ചിഞ്ച്‌വാഡിലെ ഫുഗേവാഡിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. 24 മണിക്കൂറിനുള്ളിൽ എട്ടുപേർ മരണപ്പെടുകയും നാലുപേർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുമാണ്. പൂണെയിലെ കാലെ പടൽ, ഹദപ്സർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മറ്റ് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരണപ്പെട്ടവർക്കെല്ലാം സമാനമായ ശാരീരിക ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. മിക്കവർക്കും കടുത്ത തലകറക്കം, അസ്വസ്ഥത, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് പെട്ടെന്ന് താഴുക എന്നിവ അനുഭവപ്പെടുകയും തുടർന്ന് ഇവർ കുഴഞ്ഞുവീഴുകയുമായിരുന്നു. മരണപ്പെട്ടവരിൽ ഒരാളുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഔദ്യോഗികമായ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ വന്നതിനു ശേഷം മാത്രമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെത്തുടർന്ന് പൊലീസ് വലിയ രീതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യോഗേഷ് വാങ്കഡെ എന്ന കുപ്രസിദ്ധ വ്യാജമദ്യ വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്ക് മദ്യം വിതരണം ചെയ്യാൻ സഹായിച്ച ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാജമദ്യത്തിൽ മാരകവിഷമായ മെഥനോൾ കലർത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഈ രാസവസ്തു ചെറിയ അളവിൽ ഉള്ളിൽ ചെന്നാൽ പോലും അന്ധത, അവയവങ്ങളുടെ പ്രവർത്തനം തകരുക, മരണം എന്നിവക്കും കാരണമാകും. ഈ രാസവസ്തു വിതരണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

