ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 13 മരണം, 16 പേർക്ക് പരിക്ക്
text_fieldsഭോപ്പാൽ: ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തിൽ 13 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ജനാലകളിലൂടെ ചാടിയവരാണ് ബസിൽ നിന്നും രക്ഷപ്പെട്ടത്.
ഗുണ-ആരോൺ റോഡിൽ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ട്രക്ക് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ഇനി ഇത്തരമൊരു അപകടം നടക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സങ്കടകരമായ സംഭവമാണ് ഉണ്ടായതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

