Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു വിരലബദ്ധം... ജീവിതസമ്പാദ്യം സ്വാഹ; ആറുമാസത്തിനിടെ 12.71 ലക്ഷം സൈബർ തട്ടിപ്പ്; നഷ്ടം 10,178 കോടി

text_fields
bookmark_border
പരാതികളിൽ ഉത്തർപ്രദേശ് മുന്നിൽ; നഷ്ടത്തിൽ മഹാരാഷ്ട്ര
ഒരു വിരലബദ്ധം... ജീവിതസമ്പാദ്യം സ്വാഹ; ആറുമാസത്തിനിടെ 12.71 ലക്ഷം സൈബർ തട്ടിപ്പ്; നഷ്ടം 10,178 കോടി
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഒരു ക്ലിക്ക് മതി... ജീവിതസമ്പാദ്യം ഇല്ലാതാകാൻ. ഇന്ത്യയിൽ കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ സൈബർ തട്ടിപ്പിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും പരാതികൾ കൂടുന്നതോടൊപ്പം നഷ്ടപ്പെടുന്ന തുകയും വലുതായിക്കൊണ്ടിരിക്കുന്നു.

ആ​റു​മാ​സ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 12.71 ല​ക്ഷ​ത്തി​ല​ധി​കം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാണ്. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ജൂ​ൺ 30 വ​രെ​യു​ള്ള സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങളുടെ കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഇതിലൂടെ 10,178 കോ​ടി രൂ​പ പൗ​ര​ന്മാ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും ഇ​തി​ൽ 2,968.85 കോ​ടി രൂ​പ ബാ​ങ്കു​ക​ൾ മ​ര​വി​പ്പി​ച്ചു​വെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. മരവിപ്പിക്കാൻ കഴിഞ്ഞത് ആകെ നഷ്ടത്തിന്റെ 29.17 ശതമാനം മാത്രമാണ്.

2021-2026 കാ​ല​യ​ള​വി​ൽ 64,447 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ഴി​യു​ണ്ടാ​യി. അ​തി​ൽ 10,718 കോ​ടി രൂ​പ വി​വി​ധ ബാ​ങ്കു​ക​ൾ മ​ര​വി​പ്പി​ച്ചു. ആ​കെ ത​ട്ടി​പ്പി​ന്റെ 323 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഇ​ര​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നായത്.

ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ൾ, ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഭീ​ഷ​ണി​ക​ൾ, വ്യാ​ജ ലോ​ൺ ആ​പ്പു​ക​ൾ, ഫി​ഷി​ങ്, ആ​ൾ​മാ​റാ​ട്ടം, സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ ലി​ങ്കു​ക​ൾ എ​ന്നി​വ വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പു​റ​ത്തു​വി​ട്ട രേ​ഖ​ക​ൾ പ​റ​യു​ന്നു.

1.85 ല​ക്ഷം സൈ​ബ​ർ ത​ട്ടി​പ്പ് പ​രാ​തി​ക​ൾ നടന്ന ഉ​ത്ത​ർ​പ്ര​ദേ​ശാ​ണ് സംസ്ഥാനങ്ങളിൽ ഏ​റ്റ​വും മു​ന്നി​ൽ. 1.58 ല​ക്ഷം പ​രാ​തി​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര ര​ണ്ടാ​മ​ത്. 1.21 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്ത കർണാടകയാണ് മൂന്നാം സ്ഥാനത്ത്. ഗുജറാത്ത് (97,937), ബിഹാർ (93,137), രാജസ്ഥാൻ (75,883), പശ്ചിമ ബംഗാൾ (72,439), ഡൽഹി (64,496), തമിഴ്നാട് (63,116), ഹരിയാന (58,721) സംസ്ഥാനങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുത്താൽ മഹാരാഷ്ട്രയാണ് ഒന്നാമത്; 1,637.66 കോടിയുടെ നഷ്ടം. കർണാടകയാണ് രണ്ടാമത് (1,097.37 കോടി). തമിഴ്നാട് (897.79 കോടി), ഉത്തർപ്രദേശ് (734.19 കോടി), ഗുജറാത്ത് (643.82 കോടി), ചണ്ഡീഗഢ് (630.53 കോടി), തെലങ്കാന (614.18 കോടി) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.

അതേസമയം, ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ തട്ടിപ്പ് പരാതികൾ കുറവാണ്. മിസോറം 432, നാഗാലാൻഡ് 455, സിക്കിം 537, അരുണാചൽ പ്രദേശ് 656, മേഘാലയ 784 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ് 37, ലഡാക്ക് 174, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ 406 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം.

കേരളത്തിലും കഴിഞ്ഞ മാസങ്ങളിൽ സൈബർ തട്ടിപ്പ് പരാതികൾ വർധിച്ചിട്ടുണ്ട്. വ്യാജ നിക്ഷേപ പദ്ധതികൾ, പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, ടെലിഗ്രാം-വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടൽ, വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എന്നിവയാണ് സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

തട്ടിപ്പിന് ഇരയായാൽ എന്ത് ചെയ്യണം?

സൈബർ തട്ടിപ്പിന് ഇരയായതായി മനസ്സിലാകുന്ന ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിനെ വിവരം അറിയിക്കുകയും ദേശീയ സൈബർ ഹെൽപ്‌ലൈൻ 1930-ൽ വിളിക്കുകയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. ആദ്യ മണിക്കൂറുകളിൽ പരാതി നൽകാനായാൽ പണം മരവിപ്പിക്കാനും നഷ്ടം കുറയ്ക്കാനും സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംയുക്തമായി നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങളുടെ ജാഗ്രതയാണ് ഇത്തരം തട്ടിപ്പുകൾ തടയുന്നതിൽ ഏറ്റവും നിർണായകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 12.71 Lakh Cyber Fraud Complaints in 6 Months
Next Story