
അംറോഹ കൂട്ടക്കൊല: ശബ്നത്തിന്‍റെ വധശിക്ഷയിൽ ഇളവ് തേടി 12കാരനായ മകൻ
text_fields
ലഖ്നോ: സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തൂക്കിലേറുന്ന വനിതയാകാൻ ഒരുങ്ങുന്ന ശബ്നം അലിക്ക് ഇളവു തേടി 12കാരൻ മകൻ. പിഞ്ചു കുഞ്ഞടക്കം കുടുംബത്തിലെ ഏഴുപേരെ 2008ൽ വധിച്ച സംഭവത്തിൽ വധശിക്ഷ വിധിക്കപ്പെട്ട് ഉത്തർ പ്രദേശിലെ ബറേലി ജയിലിലുള്ള ശബ്നത്തെ വിട്ടയക്കാൻ ആവശ്യപ്പെട്ടാണ് മകൻ മുഹമ്മദ് താജ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹരജി നൽകിയത്.
''എനിക്ക് എന്‍റെ മാതാവിനെ ഇഷ്ടമാണ്. രാഷ്ട്രപതി മാമനോട് ഒരു അഭ്യർഥനയേ ഉള്ളൂ- എന്‍റെ മാതാവ് തൂക്കിലേറ്റപ്പെടരുത്''- താജ് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വിതുമ്പി. മാതാവിന് മാപ്പ് എന്ന് എഴുതിയ സ്േളറ്റ് പിടിച്ച് കസേരയിൽ ഇരുന്നായിരുന്നു അപേക്ഷ. ''പ്രസിഡന്‍റാണ് തീരുമാനമെടുക്കേണ്ടത്. പക്ഷേ, എനിക്ക് വിശ്വാസമുണ്ട്''- അവൻ പറയുന്നു.
വളർത്തുപിതാവായ ഉസ്മാൻ സെയ്ഫിക്കൊപ്പമാണ് താജ് ജീവിക്കുന്നത്. മാധ്യമ പ്രവർത്തകനായ ഉസ്മാൻ ജയിലിലെത്തി ശബ്നത്തെ കണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. താജും ഇടക്ക് ജയിലിൽ മാതാവിനെ കാണാറുണ്ട്.
കാമുകൻ സലീമിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് മാതാപിതാക്കൾ, സഹോദരങ്ങൾ, സഹോദര ഭാര്യ, 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് എന്നിവരെ 2008 ഏപ്രിൽ 14നാണ് ദാരുണമായി കൊല നടത്തിയത്. സലീമുമായി ചേർന്നായിരുന്നു കൊലപാതകം. ഇംഗ്ലീഷ്, ഭൂമിശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയാണ് ശബ്നം. സലീം സ്കൂൾ പഠനം പൂർത്തിയാക്കാത്തയാളും.
കൊലപാതക സമയത്ത് ഗർഭിണിയായിരുന്നു ശബ്നം. മക്കൾ ആറു വർഷത്തിൽ കൂടുതൽ ജയിലിൽ ഒന്നിച്ചുനിൽക്കാൻ പറ്റാത്തതിനാൽ താജിനെ പിന്നീട് ജയിലിന് പുറത്തെത്തിക്കുകയായിരുന്നു.
'താജിന് മികച്ച വിദ്യാഭ്യാസം നൽകി ഉത്തമ പൗരനായി വളർത്തുകയാണ് ലക്ഷ്യമെന്ന് ഉസ്മാൻ സെയ്ഫി പറഞ്ഞു. മാതാവ് കുറ്റവാളിയായെന്നതു കൊണ്ട് മക്കൾ അങ്ങനെയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, നേരത്തെ വധശിക്ഷ ലഭിച്ച ശബ്നം നൽകിയ ദയാഹരജി 2016ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
